ചർമ മുഴക്കെതിരേ വക്സിൻ നൽകിയ പശുക്കൾ ചത്തു
1264662
Saturday, February 4, 2023 12:03 AM IST
കരുവാരകുണ്ട്: കരുവാരക്കുണ്ടിൽ ചർമ മുഴക്കെതിരേ വാക്സിൻ നൽകിയ പശുക്കൾ ചത്തതായി പരാതി. മഞ്ഞൾപ്പാറയിലെ വെച്ചൂർ മാത്യുവർഗീസിന്റെ രണ്ടു പശുക്കളാണ് അരമണിക്കൂർ വ്യത്യാസത്തിൽ ചത്തത്.
ചർമ മുഴ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 25നാണ് മാത്യുവർഗീസിന്റെ പശുക്കൾക്ക് കുത്തിവയ്പെടുത്തത്. ഇതിനു പിന്നാലെ പശുക്കളിൽ അസ്വസ്ഥത കാണപ്പെടുകയും 18 ലിറ്റർ പാൽ ലഭിച്ചിരുന്നത് രണ്ടു ലിറ്ററായി കുറയുകയും ചെയ്തു.
വ്യാഴാഴ്ച്ചയാണ് രണ്ടു പശുക്കളും അരമണിക്കൂർ വ്യത്യാസത്തിൽ ചത്തത്. ഇതേ സമയം വാക്സിനെടുത്ത സമീപത്തെ കാരക്കാട്ട് ഷാജി ചാക്കോയുടെ പശുക്കളിൽ ഒന്ന് ഗുരുതരാവസ്ഥയിലുമാണ്.
വാക്സിൻ നൽകുന്നതു വരെ ഒരു രോഗവുമില്ലാതിരുന്ന പശുക്കൾ ചത്തതും ഗുരുതരാവസ്ഥയിലായതും കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ചത്ത പശുക്കൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
എന്നാൽ വാക്സിനല്ല പശുക്കളുടെ മരണകാരണമെന്നും മുന്‍പുണ്ടായിരുന്ന രോഗം മൂർഛിച്ചതാകാം എന്നുമാണ് പശുക്കളെ പോസ്റ്റ്മോർട്ടം ചെയ്ത വെറ്ററിനറി സർജന്റെ പ്രതികരണം.