25 നിർധന വനിതകൾക്ക് തയ്യൽ മെഷീനുകൾ നൽകി ഉദയൻ താരമായി
1263162
Sunday, January 29, 2023 11:24 PM IST
മഞ്ചേരി: സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും തുന്നൽ ഉപജീവനമാക്കിയവരുമായ ഇരുപത്തിയഞ്ച് വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ നൽകി എം. ഉദയകുമാർ എന്ന യുവാവും കൂട്ടുകാരും ശ്രദ്ധ നേടുന്നു. സീനിയർ ചേംബർ ഇന്റർനാഷണൽ മഞ്ചേരി ലീജിയൻ പ്രസിഡന്റാണ് ഉദയകുമാർ. സംഘടനയുടെ 25 -ാം വാർഷികത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ ഇദ്ദേഹം സഹപ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണ കൂടിയായതോടെ ആദ്യപടിയായി 25 വനിതകൾക്ക് തയ്യൽ മെഷീനുകൾ നൽകുകയായിരുന്നു. ഇതോടൊപ്പം വിവിധ കാരണങ്ങളാൽ ശയ്യാവലംബികളായ 25 പേർക്ക് വീൽചെയറുകളും വിതരണം ചെയ്തു.
മാധ്യമങ്ങളിൽ വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് അർഹരെ കണ്ടെത്തിയത്. സുമനസുകൾ പലരും സാന്പത്തികമായി സഹായിച്ചു. മഞ്ചേരി വി.പി ഹാളിൽ നടന്ന ചടങ്ങ് ദേശീയ പ്രസിഡന്റ് വി. ഭരത്ദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഉദയകുമാർ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡന്റ് രാംകുമാർ മീന്പാട്ട്, ദേശീയ ട്രഷറർ പി.ജി ഉദയഭാനു, കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ പി. സുനിത, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.പി സുരേഷ്കുമാർ, സെക്രട്ടറി നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.