എസ്എസ്എഫ് ദേശീയ സാഹിത്യോത്സവ്; മഅദിൻ ദഅവാ വിദ്യാർഥിക്ക് തിളക്കമാർന്ന വിജയം
1245884
Monday, December 5, 2022 12:39 AM IST
മലപ്പുറം: വെസ്റ്റ് ബംഗാളിൽ നടന്ന എസ്എസ്എഫ് നാഷണൽ സാഹിത്യോത്സവിൽ മഅദിൻ ദഅവാ കോളജ് വിദ്യാർഥി പി.ടി മുഹമ്മദ് ജസീലിന് തിളക്കമാർന്ന വിജയം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ കാന്പസ് വിഭാഗം ഇംഗ്ലീഷ് കഥാരചന, ഡിജിറ്റൽ ഡിസൈനിംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് ന്യൂസ് റൈറ്റിംഗിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് മഅദിൻ വിദ്യാർഥി ശ്രദ്ധേയനായത്.
മഅദിൻ ദഅവാ കോളജ് ഏഴാംവർഷ വിദ്യാർഥിയായ ജസീലിന് സിയുഇടി പിജി 2022 എൻട്രൻസ് എക്സാമിലൂടെ പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംഎ മാസ് കമ്മ്യൂണിക്കേഷന് പ്രവേശനം ലഭിച്ചിട്ടുണ്ട്. പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശിയായ പതിയൻതൊടിക ഹംസ സഖാഫി - നൂർജഹാൻ ദന്പതിമാരുടെ മകനാണ്.
മലപ്പുറം മഅദിൻ അക്കാഡമി സ്കിൽ ഡവലപ്പ്മെന്റ്, കേരള സ്റ്റാർട്ട് അപ്മിഷൻ എന്നിവയിലൂടെ ഡിജിറ്റൽ ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, ത്രിഡി പ്രിന്റിംഗ് മേഖലകളിൽ കോഴ്സുകൾ പൂർത്തീകരിച്ചിട്ടുണ്ട്. മികച്ച വിജയം നേടിയ ജസീലിനെ മഅദിൻ അക്കാഡമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അഭിനന്ദിച്ചു.