താനൂർ ഫീഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കും: മന്ത്രി വി. അബ്ദുറഹ്മാൻ
1224842
Monday, September 26, 2022 12:56 AM IST
മലപ്പുറം: താനൂർ ഫീഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി ഉയർത്തുമെന്നും കളരി, കരാട്ടെ, കുങ്ഫു തുടങ്ങി അഞ്ചു ആയോധന കലകൾ അഭ്യസിപ്പിക്കുന്ന കേന്ദ്രമാക്കുമെന്നും ഫിഷറിസ്, കായിക മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. താനൂർ ഫിഷറീസ് റീജണൽ ടെക്നിക്കൽ വൊക്കേക്കഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും സൗകര്യമുള്ള ഫീഷറീസ് സ്കൂളാക്കി ഈ സ്ഥാപനത്തെ ഉയർത്തും.
ഹൈടെക് ക്ലാസ്മുറികളും വൃത്തിയുള്ള പരിസരവും ഉണ്ടാകും. ഒന്നര കോടി രൂപ ചെലവിൽ തുടങ്ങുന്ന വാനനീരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ ആദ്യപദ്ധതിയായി ഈ സ്കൂളിൽ നിലവിൽ വരും. വാനനിരീക്ഷണ കേന്ദ്രം തന്റെ ഒരു സ്വപനമായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഐഎസ്ആർഒയുടെ മേൽനോട്ടത്തിലാണ് പദ്ധതി. നഗരസഭാ ചെയർമാൻ പി.പി. ഷംസുദീൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലർ ആബിദ് വടക്കയിൽ, പ്രിൻസിപ്പൽ പി.മായ, പിടിഎ പ്രസിഡന്റ് ലത്തീഫ് കോട്ടിൽ, പ്രധാനാധ്യപകൻ എൻ.എം സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.