പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു
1593202
Saturday, September 20, 2025 7:12 AM IST
പേരൂര്‍ക്കട: ഓട്ടം പോയശേഷം വീടിനു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ച നിലിൽ. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ വി.കെ.പാപ്പന് നഗര്‍ ഗവ. ഐടിഐക്കു സമീപം രാഗേഷ് ഭവനില്‍ രാഗേഷ് രാജിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഡീസല്‍ ഓട്ടോറിക്ഷയാണ് അഗ്നിക്കിരയായത്.
ഇന്നലെ പുലര്‍ച്ചെ നാലോടുകൂടി വീടിന്റെ മതിലിനോടു ചേര്‍ന്ന് റോഡരികിൽ തീയും പുകയും ഉയരുന്നതുകണ്ട് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയ്ക്കു തീപിടിച്ചതായി അറിയുന്നത്.
തുടര്‍ന്ന് തിരുവനന്തപുരം ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. അസി. സ്റ്റേഷന് ഓഫീസര്‍ സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ പ്രദീപ്കുമാര്‍, എഫ്ആര്‍ഒമാരായ ശ്രീജിത്ത്, രതീഷ്, അഖില, ശ്രുതി, എഫ്ആര്‍ഒ ഡ്രൈവര്‍മാരായ യു.കെ സുമേഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്.