കൈക്കൂലി വിവാദം : മുട്ടത്തറ കൗണ്‍സിലർ രാജിവച്ചു
1593192
Saturday, September 20, 2025 7:00 AM IST
തിരുവനന്തപുരം: റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ കൗണ്‍സിലർ ബി. രാജേന്ദ്രൻ രാജി വച്ചു. സംഭവം വിവാദമായതോടെ ജില്ല നേതൃത്വം കൗണ്‍സിലറുടെ രാജി ആവശ്യപ്പെടുകയായിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജേന്ദ്രനെ പുറത്താക്കി.
തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ വാർഡിൽ സെക്കുലർ ഗാർഡൻസ് എന്ന സ്ഥലത്തെ റോഡ് കോണ്‍ക്രീറ്റ് ഇന്റർലോക്ക് പാകാൻ 12 ലക്ഷം രൂപ അനുവദിച്ചു. 20 കുടുംബങ്ങൾക്ക് വേണ്ടിയാണ് ഈ റോഡ് അറ്റകുറ്റ പണി. ഫണ്ട് അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് പ്രദേശവാസികളോട് കൗണ്‍സിലർ ബി. രാജേന്ദ്രൻ ഒരു ലക്ഷം രൂപ കമ്മീഷൻ ചോദിച്ചതായി ആരോപണം ഉയർന്നത്.
സമീപവാസി എന്ന നിലയിൽ തന്നെ സമീപിച്ച ഒരാളിൽ നിന്ന് കൗണ്‍സിലർ 5000 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ റോഡിലിടാനുള്ള മണലിന് വേണ്ടിയാണ് പണം വാങ്ങിയതെന്നാണ് രാജേന്ദ്രന്റെ വാദം. നഗരസഭ അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരം രണ്ട് ലോഡ് മണൽ മാത്രം ഇറക്കാനാണ് വ്യവസ്ഥയുള്ളത്.
എന്നാൽ ഇതിൽ റോഡ് പണി പൂർത്തിയാക്കാനാകില്ല. ഇതിനാൽ കൂടുതൽ മണൽ എത്തിക്കുന്നതിനാണ് പണം കൈപ്പറ്റിയതെന്നും അദ്ദേഹം സമ്മതിച്ചു.