കഞ്ചാവുകടത്തു സംഘത്തിലെ പ്രധാനികളെ പിടികൂടി
1592929
Friday, September 19, 2025 7:00 AM IST
വിഴിഞ്ഞം: ദിവസങ്ങൾ നീണ്ട നിരീക്ഷണം ഫലം കണ്ടു, കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയെ വിഴിഞ്ഞം പോലീസ് പിടികൂടി. ഒറീസ മുനിഗുഡ സ്വദേശി രമേഷ് ഷിക്കാക്ക (39) യെ യാണ് വിഴിഞ്ഞം എസ്ഐ ദിനേശ്, എഎസ്ഐ വിജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനയ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
നക്സൽ ആക്രമണം നടന്ന മുനിഗുഡ പോലീസ് സ്റ്റേഷനു സമീപത്തുനിന്നാണു രമേഷ് അറസ്റ്റിലായത്. ജൂലൈ 18നു വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി രാജുവിനെ നാലു കിലോ കഞ്ചാവുമായി സിറ്റി പോലീസിലെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണു രമേഷ് ഷിക്കാക്ക ഉൾപ്പെടെ മൂന്നുപേർ കൂടിയുണ്ടെന്ന വിവരം ലഭിച്ചത്.
തുടർന്ന് വിഴിഞ്ഞം സ്വദേശിയും ബാലരാമപുരത്ത് താമസക്കാരനായ നസുമുദീനെ കസ്റ്റഡിയിലെടുത്തെങ്കിലും രമേഷിനെയും വിഴിഞ്ഞം സ്വദേശി സലിമിനെയും കണ്ടെത്താനായില്ല. സംഘത്തിനു കഞ്ചാവ് എത്തിച്ചു നൽകിയ ശേഷം സംഭവ ദിവസം രക്ഷപ്പെട്ട രമേഷ് ഷിക്കാക്കയെ വലയിലാക്കാൻ പോലീസ് പദ്ധതി തയാറാക്കുകായിരുന്നു.
ആദ്യം പിടിയിലായ രാജുവും ഷിക്കാക്കയും തമ്മിൽ നടത്തിയ ബാങ്ക് പണമിടപാടുകളും സീസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. അറസ്റ്റിലായ രമേഷിനെ ഇന്നലെ രാത്രി ഒൻപതോടെ വിഴിഞ്ഞം സ്റ്റേഷനിലെത്തിച്ചു. തുടർന്നു സർക്കാർ ആശുപത്രിയിൽ എത്തിച്ചു മെഡിക്കൽ പരിശോധനക്കും വിധേയമാക്കി. ഒളിവിൽ പോയ വിഴിഞ്ഞം സ്വദേശി സലിമിനായുള്ള അന്വേഷണത്തിൽ ഇന്നലെ വൈകുന്നേരം ഇയാളും പിടിയിലായി.