മാൾട്ട-ഇന്ത്യ നയതന്ത്ര ബന്ധം: പ്രത്യേക പ്രഭാഷണം സംഘടിപ്പിച്ചു
1593194
Saturday, September 20, 2025 7:00 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിച്ച് "മാൾട്ട-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ അറുപത് വർഷങ്ങൾ: കാഴ്ചപ്പാടുകളും സാധ്യതകളും' എന്ന വിഷയത്തിൽ കാര്യവട്ടം കാമ്പസിലെ സി.വി. രാമൻ ഹാളിൽ പ്രത്യേക പ്രഭാഷണം സംഘടിപ്പിച്ചു.
ഇന്ത്യയിലെ മാൾട്ട ഹൈക്കമ്മീഷണർ റൂബൻ ഗൗസി മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹം സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലഘട്ടം മുതൽ ഇന്നുവരെയുള്ള മാൾട്ട-ഇന്ത്യ ബന്ധങ്ങളുടെ ചരിത്രം വിവരിച്ചു. ഔദ്യോഗിക നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് മുൻപേ തന്നെ സൗഹൃദത്തിന്റെ അടിത്തറ രൂപപ്പെട്ടിരുന്നു എന്നും, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഈ ബന്ധം എങ്ങനെ വികസിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള ഇടപെടലുകളുടെ പശ്ചാത്തലത്തിൽ മെഡിറ്ററേനിയൻ മേഖലയിൽ മാൾട്ട വഹിക്കുന്ന തന്ത്രപരമായ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കേരള സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ.മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. സി.എ.ജോസുകുട്ടി സ്വാഗത പ്രസംഗം നടത്തി. കെഎസ്എച്ച്ഇസി വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ ആമുഖ പ്രഭാഷണം നടത്തി. സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സ് ഡയറക്ടർ ഡോ. സാബു ജോസഫ് നന്ദി പറഞ്ഞു.
പ്രഭാഷണത്തിന് ശേഷം നടന്ന സംവാദം ഉഭയകക്ഷി സഹകരണം, ആഗോള നയതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഹൈക്കമ്മീഷണറുമായി സംവദിക്കാൻ അവസരം നൽകി.