കഫറ്റേറിയയിലെ മോഷണം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
1592930
Friday, September 19, 2025 7:00 AM IST
പേരൂര്‍ക്കട: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ കഫറ്റേറിയയിലെ മോഷണവുമായി ബന്ധപ്പെട്ടു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി. പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഹാദി (26) യെയാണ് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുപോയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു സഹതടവുകാരനൊപ്പം ആലപ്പുഴയില്‍ താമസിച്ച വീട്, ഇടവ-കാപ്പില്‍ ഭാഗങ്ങളില്‍ എന്നിവിടങ്ങളിലാണ് മുഹമ്മദ് അബ്ദുള്‍ ഹാദിനെ പൂജപ്പുര പോലീസ് എത്തിച്ചത്.
ഒരു ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ച് താന്‍ അതില്‍ തിരുവനന്തപുരത്ത് എത്തിയെന്നും പണം മോഷ്ടിച്ചശേഷം ഇവിടെനിന്നു സ്കൂട്ടറില്‍ തിരിച്ചുപോയി എന്നുമായിരുന്നു പ്രതിയുടെ മൊഴി. ഇതിന്പ്രകാരമായിരുന്നു തെളിവെടുപ്പിനായി ഈ സ്ഥലങ്ങളില്‍ ഇയാളെ എത്തിച്ചത്. സ്കൂട്ടറില്‍ ഇടവയും കാപ്പിലും കടന്നാണു പ്രതി പോയതെന്നും വഴിയില്‍ ഇയാള്‍ സ്കൂട്ടര്‍ ഉപേക്ഷിച്ചുവെന്നുമാണ് പോലീസ് പറയുന്നത്.
ഓഗസ്റ്റ് 18-നാണ് മുഹമ്മദ് അബ്ദുള്‍ഹാദി കഫറ്റേറിയയുടെ ഓഫീസ് റൂം കുത്തിത്തുറന്ന് 4.25 ലക്ഷത്തോളം രൂപ അപഹരിച്ചത്. തുടര്‍ന്ന് ഇയാള്‍ പണം ധൂര്‍ത്തടിക്കുകയായിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.