ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച
1593193
Saturday, September 20, 2025 7:00 AM IST
തിരുവനന്തപുരം: തന്പാനൂരിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി. തിങ്കളാഴ്ച ശിക്ഷ വിധിക്കും. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഇന്ദിരയുടെ മകൾ ഗായത്രി (25)യെ ചുരിദാർ ഷാൾ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ കൊല്ലം പരവൂർ കോട്ടപ്പുറം ചന്പാൻതൊടി വീട്ടിൽ ജയപ്രസാദിന്റെ മകൻ പ്രവീണി(30) നെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് സിജു ഷെയ്ക്ക് കുറ്റക്കാരനെന്നു കണ്ടെത്തിയത്.
2022 മാർച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ഗായത്രിയുമായി പ്രണയത്തിലായിരുന്ന വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണ് സംഭവത്തിന് ഉദ്ദേശം ഒരു വർഷം മുന്പ് വെട്ടുകാട് പള്ളിയിൽ ഗായത്രിയെ താലികെട്ടി വിവാഹം കഴിച്ചു.
തുടർന്ന് ഭാവി ജീവിതത്തിൽ നിന്നും ഗായത്രിയെ ഒഴിവാക്കാൻ തീരുമാനിച്ചു തന്പാനൂർ അരിസ്റ്റോ ജംഗ്ഷന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് ഗായത്രിയെ കൂട്ടികൊണ്ട് വന്ന് ചുരിദാർ ഷാൾ ഉപയോഗിച്ച് കഴുത്തിൽ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പൂർണമായും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്.
പ്രതിയും ഗായത്രിയും താമസിച്ചിരുന്ന തന്പാനൂരിലെ ഹോട്ടൽ മുറിയിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങൾ പ്രതിയിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങളുമായി നടത്തിയ ശാസ്ത്രീയ താരതമ്യ പരിശോധനയിൽ ഒന്നാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. പ്രതിയും ഗായത്രിയും ഗായത്രിയുടെ ബന്ധുക്കളും തമ്മിൽ നടത്തിയിട്ടുള മൊബൈൽ ഫോണ് സംഭാഷണങ്ങളുടെ സമയക്രമവും പ്രതിയും ഗായത്രിയും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷനുകളും മറ്റും പ്രതിക്കെതിരെയുള്ള തെളിവുകളായി പ്രോസിക്യൂഷൻ സമർഥിച്ചു.
ഗായത്രിയുടെ കഴുത്തിലുണ്ടായിരുന്ന മുറിവുകൾ ഒരിക്കലും ആത്മഹത്യയുടെ ഭാഗമായി ഉണ്ടാകില്ല എന്ന പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും കേസിൽ നിർണായകമായി.