ടെക്സ്റ്റൈയിൽ ഉടമയും വനിതാ മാനേജരും കടയിൽ തൂങ്ങി മരിച്ച നിലയിൽ
1576909
Friday, July 18, 2025 10:15 PM IST
കൊല്ലം: ആയൂരിൽ വസ്ത്ര വ്യാപാരശാലയുടെ ഉടമയെയും വനിതാ മാനേജരെയും ഒരേ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എംസി റോഡിൽ ആയൂർ ടൗണിലെ ലാവിഷ് ടെക്സ്റ്റൈൽസ് ഉടമ മലപ്പുറം കരിപ്പൂർ കരിപ്പത്തൊടിയിൽ വീട്ടിൽ അലി (35), ചടയമംഗലം പള്ളിക്കൽ ചന്ദ്രവിലാസത്തിൽ ദിവ്യാമോൾ(40) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയാണ് വസ്ത്രവ്യാപാരശാലയുടെ താഴെ നിലയിലെ വിശ്രമമുറിയിൽ രണ്ട് ഫാനുകളിലായി ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി വൈകിയും ദിവ്യാമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ രാവിലെ കടയിലെത്തി ജീവനക്കാരനൊപ്പം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഫോറൻസിക് ഉദ്യോഗസ്ഥരെത്തി തെളിവെടുപ്പ് നടത്തി. ഇൻക്വിസ്റ്റ് പൂർത്തിയാക്കി ഉച്ചയോടെ ഇരു മൃതദേഹങ്ങളും പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സാമ്പത്തിക വിഷയത്തെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളാകാമെന്നുമാണ് മറ്റ് ജീവനക്കാർ പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.
ചടയമംഗലം പോലീസ് കേസെടുത്തു. വർക്കലയിലെ ചെടിവില്പന കേന്ദ്രത്തിലെ ജീവനക്കാരനായ രാജീവാണ് ദിവ്യാമോളുടെ ഭർത്താവ്. മക്കൾ: അനുശ്രീ, ശ്രേയശ്രീ. അലിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്.