പൈപ്പിടൽ തകൃതി; ജോലികൾ വൈകിയതോടെ അപകടകെണി
1576577
Thursday, July 17, 2025 7:08 AM IST
മാറനല്ലൂർ: പൈപ്പിടൽ തകൃതിയായി നടക്കുന്നു, എന്നാൽ ജോലികൾ വൈകുന്നതോടെ ഇവിടം അപകടകെണിയായി മാറുന്നു. സ്കൂളും കോളജും ഉള്ള സ്ഥലത്താണ് പൈപ്പിടാൻ വേണ്ടിയെടുത്ത കുഴികൾ ഭീതി വിതയ്ക്കുന്നത്. മാറനല്ലൂർ-ചീനിവിള റോഡിലെ പൈപ്പിടുന്ന ജോലികൾ പൂർത്തിയാകാത്തതിനെത്തുടർന്നാണ് റോഡ് അപകടക്കെണിയാകുന്നതായി പരാതി വന്നിരിക്കുന്നത്. വീതികുറഞ്ഞ റോഡിൽ ആഴ്ചകൾക്കു മുമ്പാണ് പൈപ്പിടുന്ന ജോലികൾ നടന്നത്.
പൈപ്പിട്ടശേഷം മണ്ണുമൂടിയ ഭാഗങ്ങൾ ഇപ്പോൾ പലയിടത്തും കുഴിയായി മാറിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നവീകരണ ജോലികൾ നടത്തുന്നതിനുവേണ്ടി വലിയ കുഴികൾ എടുത്തെങ്കിലും ജോലികൾക്ക് വേഗമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുഴിയെടുത്ത സ്ഥലത്ത് മണ്ണു കൂട്ടിയിട്ടിരിക്കുന്നതു കാരണം തിരക്കേറിയ റോഡിൽ രാവിലേയും വൈകീട്ടും ഗതാഗതതടസവും ഇപ്പോൾ പതിവായിട്ടുണ്ട്.
ഇവിടെയാണ് ക്രൈസ്റ്റ് കോളജും സ്കൂളുമുള്ളത്. ഗേറ്റിനു മുൻ വശത്താണ് വൻ കുഴിയെടുത്തിട്ടിരിക്കുന്നത്. മാറനല്ലൂർ, ബാലരാമപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽനിന്ന് എളുപ്പത്തിൽ മലയിൻകീഴ് പ്രദേശത്തേയ്ക്ക് പോകുന്നതിനായുള്ള സമാന്തര റോഡുകൂടിയാണിത്. ഇവിടെയാണ് ഈ അപകട കെണി.