കാര്‍മല്‍ സ്കൂള്‍ രൂപപ്പെടുത്തിയത് സമൂഹത്തിനു നന്മ ചെയ്യുന്ന വ്യക്തിത്വങ്ങളെ: ആര്‍ച്ച് ബിഷപ്പ്
1576563
Thursday, July 17, 2025 6:59 AM IST
തിരുവനന്തപുരം: കാര്‍മല്‍ സ്കൂള്‍ രൂപപ്പെടുത്തിയതു സമൂഹത്തിനു നന്മ ചെയ്യുന്ന ഒട്ടേറെ വ്യക്തിത്വങ്ങളെയാണെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വജ്രജൂബിലി ആഘോഷത്തിന്റെയും വജ്രജൂബിലി ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസ രീതിയാണ് കാര്‍മല്‍ സ്കൂള്‍ പിന്തുടരുന്നത്. വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ ഒത്തൊരുമയോടെ ഇവിടെ പഠിക്കുന്നു. എല്ലാവരെയും ഒരുമയോടുകൂടി കാണുന്ന ഒരു സമീപനമാണു മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉള്ളത്. സമ്പന്നരെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒപ്പം ചേര്‍ക്കുന്ന ഒരു രീതിയാണ് സ്കൂള്‍ പിന്തുടരുന്നത്.
സ്കൂളിന്റെ അഭിമാനാര്‍ഹമായ വളര്‍ച്ചയ്ക്കു പിന്നില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ പരിശ്രമവും ആത്മാര്ഥതയുമുണ്ട്. അക്കാദമിക രംഗത്തും സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളിലും കാര്‍മല്‍ സ്കൂള്‍ എന്നും ഒരുപിടി മുന്നിലാണ്. അത്ഭുതവും അഭിമാനവും തോന്നുന്ന വളര്‍ച്ചയാണ് ഈ 60 വര്‍ഷത്തിനിടെ സ്കൂളിനുണ്ടായത്. ഹൈസ്കൂളായി വളര്‍ന്ന ഘട്ടത്തില്‍ ആദ്യത്തെ വര്‍ഷം തന്നെ എസ്എസ്എല്‍സിക്കു നൂറു ശതമാനം വിജയം ലഭിക്കുകയുണ്ടായി.
ഇതോടെ സ്കൂള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. പടിപടിയായുള്ള വളര്‍ച്ചയ്ക്കു പിന്നില്‍ ദൈവത്തിന്റെ വലിയ അനുഗ്രഹവുമുണ്ട് എന്നത് നാം മറക്കരുത്. അതുകൊണ്ടുതന്നെയാണ് ഇവിടെ പഠിച്ചിട്ടുള്ള വിദ്യാര്‍ഥികളില്‍ പലരും ഇന്നു വിശിഷ്ഠ വ്യക്ത്വതങ്ങളായി മാറിയിട്ടുള്ളത്. മന്നോട്ടുള്ള പ്രയാണത്തില്‍ സ്കൂളിന് എല്ലാ ആശംസകളും നേരുന്നു. ദൈവത്തിന്റെ അനുഗ്രഹം സ്കൂളിനു തുടര്‍ന്നും നിര്‍ലോഭം ലഭിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പൗരബോധമുള്ള തലമുറകളെയാണ് കാര്‍മല്‍ സ്കൂള്‍ വാര്‍ത്തെടുക്കുന്നതെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ഒസിഡി മലബാര്‍ പ്രോവിന്‍സ് പ്രൊവന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. പീറ്റര്‍ ചക്യത്ത് ഒസിഡി പറഞ്ഞു. സ്കൂളിനെ നയിക്കുന്ന സിഎസ്എസ്ടി സഭാ സമൂഹത്തിനു ഭാരതത്തില്‍ 335 കോണ്‍ഗ്രിഗേഷനുകള്‍ ഉണ്ട്.
1.17 ലക്ഷം സന്യസ്ഥരാണ് ഭാരതത്തിന്റെ നിര്‍മിതിക്കും പൗരന്മാരുടെ ഉന്നമനത്തിനും വേണ്ടി സ്വയം കത്തിജ്വലിക്കുന്നത്. സിഎസ്എസ്ടി സഭാ സമൂഹത്തിന്റെ സേവനങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ രമേശ് ചെന്നിത്തല, ആന്റണി രാജു, ഗായകന് ജി. വേണുഗോപാല്‍, സ്കൂള്‍ ഡയറക്ടര്‍ സിസ്റ്റര്‍ റെനിറ്റ സിഎസ്എസ്ടി, സിസ്റ്റര്‍ നീലിമ സിഎസ്എസ്ടി, സിസ്റ്റര്‍ ജോസ് ലിനറ്റ് സിഎസ്എസ് ടി, റവ. ഡോ.സിസ്റ്റര്‍ തെരേസ സിഎസ്എസ്ടി, സിസ്റ്റര്‍ പ്രിയ സിഎസ്എസ്ടി, പിടിഎ പ്രസിഡന്റ് എം.വി. നികേഷ് കുമാര്‍, റവ. സിസ്റ്റര്‍ ഹെല്‍മ സിഎസ്എസ്ടി, വൈസ് പ്രിന്‍സിപ്പല്‍ ജോളി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. അഞ്ജന നന്ദി പറഞ്ഞു.