ജവഹര്‍നഗറിലെ വസ്തു തട്ടിപ്പ് : അനന്തപുരി മണികണ്ഠന്റെ ജാമ്യാപേക്ഷ കോടതി തള്ളി
1576830
Friday, July 18, 2025 6:13 AM IST
പേരൂര്‍ക്കട: ജവഹര്‍നഗറിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രധാന കണ്ണിയായ കിള്ളിപ്പാലം പുത്തന്‍കോട്ട സ്വദേശി അനന്തപുരി മണികണ്ഠന്റെ (48) ജാമ്യാപേക്ഷ വഞ്ചിയൂര്‍ സെഷന്‍സ് കോടതി തള്ളി.
അതേസമയം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന കൊല്ലം സ്വദേശിനി മെറിന് ജേക്കബ്, വസ്തു വിലയാധാരം എഴുതി നല്കിയ ചന്ദ്രസേനനു ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. അമേരിക്കയില്‍ താമസിച്ചുവരുന്ന ഡോറ അസറിയ ക്രിപ്സിന്റെ വീടും വസ്തുവുമാണ് മെറിന് ജേക്കബ് വ്യാജ രേഖകളുടെ സഹായത്തോടെ തന്റെ പേരിലെഴുതി വാങ്ങുകയും അതു ചന്ദ്രസേനനു വിലയാധാരമായി എഴുതി നല്‍കുകയും ചെയ്തത്.
ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്തതു കിള്ളിപ്പാലത്ത് ആധാരമെഴുത്ത് ഓഫീസ് നടത്തിവരുന്ന അനന്തപുരി മണികണ്ഠനാണ്. ദിവസങ്ങള്‍ക്കു മുമ്പ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നെങ്കിലും മണികണ്ഠന് അപ്പോഴേക്കും ഒളിവില്‍പ്പോയിരുന്നു.
മണികണ്ഠന് നിലവില്‍ ഡിസിസി അംഗവും ആധാരമെഴുത്ത് അസോസിയേഷന് ചാല യൂണിറ്റ് പ്രസിഡന്റുമാണ്. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ അനന്തപുരി മണികണ്ഠനെ പിടികൂടുന്നതിനു മ്യൂസിയം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.