സൈന്യത്തിന്റെ ഉന്നതങ്ങളിൽനിന്ന് വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്.. ആ നാലു സഹപാഠികൾ
1576833
Friday, July 18, 2025 6:13 AM IST
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ ക്ലാസ് മുറിയിൽ അവർ നാലു പേർ ഒരുമിച്ചായിരുന്നു. അടുത്ത കൂട്ടുകാർ. പഠനം പൂർത്തിയാക്കിയ അവർ സാധാരണ അവിടത്തെ മിക്ക വിദ്യാർഥികളെയും പോലെ സൈനിക സേവനത്തിനു ചേർന്നു. ഇന്നവർ രാജ്യത്തിന്റെ സൈനികതന്ത്രങ്ങൾ മെനയുകയും അവ നടപ്പാക്കുകയും ചെയ്യുന്ന നിർണായക പദവികളിലാണ്.
ലെഫ്. ജനറൽ വിജയ് ബി. നായർ, മേജർ ജനറൽ വിനോദ് ടി. മാത്യു, മേജർ ജനറൽ ഹരി ബി. പിള്ള, എയർ വൈസ് മാർഷൽ കെ.വി. സുരേന്ദ്രൻ നായർ എന്നിവരാണ് ആ കൂട്ടുകാർ. ഇവർ ശനിയാഴ്ച കഴക്കൂട്ടം സൈനിക സ്കൂളിലെത്തും. പൂർവവിദ്യാർഥി സംഗമത്തിന്റെ ഭാഗമായാണ് ഈ നാലു മുതിർന്ന സൈനികോദ്യോഗസ്ഥർ ഒരിടത്ത് ഒത്തുകൂടുന്നത്.
പാലക്കാട് സ്വദേശിയാണ് വിജയ് നായർ. വിനോദ് മാത്യു തൊടുപുഴക്കാരനും ഹരി പിള്ള പുനലൂർ സ്വദേശിയും സുരേന്ദ്രൻ നായർ തൃശൂരുകാരനുമാണ്. കഴക്കൂട്ടം സൈനിക സ്കൂളിൽ 1978 ജൂണിൽ ആറാം ക്ലാസ് വിദ്യാർഥികളായി ഒത്തുചേർന്ന ഇവർ 1985ൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. സ്കൂളിൽ നിന്ന് ഇവർ നേരെ പോയത് നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്, അവിടെ നിന്ന് സേനകളിലേക്കും.
ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കു വഹിച്ച കരസേനയുടെ ഉത്തര കമാൻഡ് മേധാവിയാണ് ഇപ്പോൾ ലെഫ്റ്റനന്റ് ജനറൽ വിജയ് നായർ. കശ്മീരിലും നിയന്ത്രണരേഖയിലും ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് ഏറെക്കാലം നേതൃത്വം നല്കിയ ആളാണ്.
കരസേനയിൽ കർണാടക കേരള സബ് ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിംഗ് ആയി പ്രവർത്തിക്കുകയാണ് മേജർ ജനറൽ വിനോദ് മാത്യു. വയനാട്ടിൽ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിനു നേതൃത്വം വഹിച്ചത് ഈ ഉദ്യോഗസ്ഥനാണ്.
സൈന്യത്തിലേക്ക് ആളെയെടുക്കുന്ന ബംഗളൂരു മേഖലാ റിക്രൂട്ടിംഗ് സോണ് അഡീഷണൽ ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയാണ് മേജർ ജനറൽ ഹരി പിള്ള. രാജ്യത്തെ മികച്ച ഫൈറ്റർ പൈലറ്റുകളിലൊരാളാണ് എയർ വൈസ് മാർഷൽ സുരേന്ദ്രൻ നായർ.
ശനിയാഴ്ച രാവിലെ എട്ടിനു സൈനിക സ്കൂളിൽ തന്നെയാണ് പൂർവവിദ്യാർഥി സംഗമം നടക്കുക. യുഎൻ ഏജൻസികളിൽ പ്രവർത്തിക്കുന്നവർ, കമേഴ്സ്യൽ പൈലറ്റുകൾ, ഡോക്ടർമാർ, എൻജിനീയർമാർ, ബാങ്കർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുകൾ, കേന്ദ്ര സർക്കാരിലെയും കേരള സർക്കാരിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ അടക്കമുള്ള പൂർവവിദ്യാർഥികളും ഈ സംഗമത്തിന് എത്തുന്നുണ്ട്.