ലയോള സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു
1576835
Friday, July 18, 2025 6:13 AM IST
ശ്രീകാര്യം: കെനിയയിലെ നെയ്റോബിയിൽ നടന്ന ആദ്യ ജൂണിയർ റോൾ ബോൾ വേൾഡ് കപ്പിൽ (അണ്ടർ 17) ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ഗൗരവ് ഉണ്ണികൃഷ്ണനെയും ഗിഫോണി ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ജൂറി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സിദ്ധാൻഷൂ സഞ്ജീവ് ശിവനെയും അനുമോദിച്ചു.
ശ്രീകാര്യം ലയോള സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അന്തർദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് നാടിനാകെ അഭിമാനം നൽകുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഗൗരവ് ഉണ്ണികൃഷ്ണനും സിദ്ധാഷൂ സഞ്ജീവ് ശിവനും ശ്രീകാര്യം ലയോള സ്കൂൾ വിദ്യാർഥികളാണ്.
ലയോള സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ റവ.ഡോ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, സിബിഎസ്ഇ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്ജെ, എച്ച്എസ്ഇ പ്രിൻസിപ്പൽ സിസ്റ്റർ ജിജി തോമസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.