കെപിസിസിയുടെ ഉമ്മൻചാണ്ടി സ്മൃതിസംഗമം ഇന്ന്
1576834
Friday, July 18, 2025 6:13 AM IST
രാഹുൽഗാന്ധി കോട്ടയത്ത് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം സംസ്ഥാനതല അനുസ്മരണം ഇന്നു രാവിലെ പത്തിന് ലോകസ്ഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോട്ടയത്ത് ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താക്കോൽദാനവും കെപിസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിക്കും.
രാവിലെ ഒന്പതിനു കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ രാഹുൽ ഗാന്ധി പുഷ് പാർച്ചന നടത്തിയ ശേഷമാണ് ഉമ്മൻചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം. ഉച്ചകഴിഞ്ഞു തിരുവനന്തപുരത്തെത്തി മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിക്കും. തുടർന്നു രാഹുൽ ഗാന്ധി ഡൽഹിയിലേക്കു മടങ്ങും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ഉമ്മൻ ചാണ്ടി സ്മൃതി സംഗമത്തിൽ എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്ഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മതമേലധ്യക്ഷൻമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,കെപിസിസി ഭാരവാഹികൾ, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, എംപിമാർ, എംഎൽഎമാർ, മുൻമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
കെപിസിസി ജീവകാരുണ്യ പദ്ധതി സ്മൃതിതരംഗത്തിനും സമ്മേളനത്തോടെ തുടക്കമാകും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 630 കുട്ടികൾക്ക് ശ്രുതിതരംഗം പദ്ധതിയിലൂടെ കേൾവിശക്തി നൽകി. ഈ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് കെപിസിസി സ്മൃതിതരംഗം നടപ്പാക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ സംസ്ഥാലതലത്തിൽ വിപുലമായ പരിപാടികളാണ് കെപിസിസിയുടെ ആഹ്വാനം ചെയ്തത്. കോട്ടയത്തെ സംസ്ഥാനതല അനുസ്മരണത്തിന് പുറമെ ഡിസിസികളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തും.