നെയ്യാറ്റിൻകരയിൽ ആഡംബര വാഹനത്തില്‍ കടത്തിയ 300 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചു
1576839
Friday, July 18, 2025 6:25 AM IST
നെയ്യാറ്റിന്‍കര : ആഡംബര വാഹനത്തിൽ കടത്തിയ 300 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് നെയ്യാറ്റിൻകര ഇരുന്പിലിനു സമീപത്തുനിന്നും വാഹനം പിടികൂടിയത്.
ബീമാപള്ളി സ്വദേശികളായ ഷമീർ, നവാസ് എന്നിവരാണ് വിപണിയിൽ നാലുലക്ഷത്തോളം രൂപ വിലയുള്ള ലഹരിയുൽപ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. എക്സൈസ് സംഘം ഇവരെ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലയിൽ വലിയതോതിൽ ശേഖരിച്ചു വച്ചിട്ടുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇവരുടെ പതിവ്.
സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനുള്ളതാണെന്നും പിടിയിലായവര്‍ മൊഴി നല്‍കിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ സുരേഷ് കുമാർ, വിജയമോഹൻ, ഷിന്റോ അരുൺ എന്നിവരുള്‍പ്പെട്ട സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.