ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍: സുധീര്‍ വീണ്ടും പ്രസിഡന്റ്
1576564
Thursday, July 17, 2025 6:59 AM IST
വെള്ളറട: കായിക മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ രണ്ടുവട്ടം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട എസ്.എസ് .സുധീര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്ന് വീണ്ടും സ്ഥാനമേറ്റെടുത്തു.
ദേശീയ ഗെയിംസില്‍ ഒത്തുകളിച്ചു രണ്ടാം സ്ഥാനത്തായി എന്ന കായിക മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഹാന്‍ഡ് ബാള്‍ താരങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലിന് മുന്നില്‍ സമരം നടത്തിയതിനെ തുടര്‍ന്നായിരുന്നു സുധീറിനെ സസ്പെന്‍ഡ് ചെയ്തിരുന്നത്.
ഹാന്‍ഡ്ബാള്‍ അസോസിയേഷന് ഭാരവാഹി കൂടിയായ സുധീറാണ് സമരത്തിനു പിന്നിലെന്ന് ആരോപിച്ചായിരുന്നു ഇത്. വൈസ് പ്രസിഡന്റ് നിസാറിനു പ്രസിഡന്റിന്റെ ചുമതല നല്കി. പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് താല്‍ക്കാലിക സ്റ്റേ വാങ്ങി സുധീര്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്ത് എത്തി.
തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് സസ്പെന്ഷന് ശരി വച്ചതോടെ ഒഴിയേണ്ടി വന്നു. സുധീറിന്റെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച്, സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയതോടെയാണ് ഇന്നലെ വീണ്ടും പ്രസിഡന്റായി ചുമതലയേറ്റത്.