വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : ലാഭം കൊയ്യാൻ ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങൾ
1576829
Friday, July 18, 2025 6:13 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ലാഭം കൊയ്യാൻ തമിഴ്നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങൾ..! റോഡുകളുടെ കല്ലിടലും ചർച്ചകളുമായി കേരളത്തിലെ അധികൃതർ ഒതുങ്ങുമ്പോൾ വ്യവസായ പാർക്ക് നിർമിക്കാൻ തമിഴ്നാട് സർക്കാർ തിരുനെൽവേലിയിൽ മാത്രം 2300 ഓളം ഏക്കർ വസ്തു ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചതായാണറിവ്.
15 വർഷത്തേക്കു പാട്ടവ്യവസ്ഥയിൽ ഏറ്റെടുക്കുന്ന ഒരു ഏക്കർ വസ്തുവിന് ഒരു കോടിയെന്ന കണക്കിൽ വാടകയും ഭൂമി വിട്ടുനൽകുന്ന ആൾക്ക് തൊഴിലും എന്നാണ് വ്യവസ്ഥ. വർഷം തോറും 20 ശതമാനം വാടക വർധനയും വ്യവസ്ഥയിലുള്ളതായും അറിയുന്നു. കേരളം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കൊച്ചിയിൽ നടന്ന കോൺക്ലേവിന്റെ ഫലം മുഴുവനും തമിഴ്നാടും കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കൊണ്ടുപോകുമെന്നാണു വിലയിരുത്തൽ.
അടിസ്ഥാന വികസനങ്ങളായ റോഡും റെയിൽവേയും നിർമിച്ചു കരമാർഗമുള്ള ഗതാഗതം പൂർണ തോതിൽ ആരംഭിച്ചാൽ കേരളത്തിലേക്കു വരാൻ നിരവധി വിദേശ കമ്പനികളാണു തയാറെടുക്കുന്നത്.
വെയർഹൗസ്, ഗോഡൗൺ, ഓഫീസുകൾ എന്നിവക്കായി നിരവധി കമ്പനികളുടെ ഏജന്റുമാർ വിഴിഞ്ഞത്തിനും സമീപ പഞ്ചായത്തുകളിലും ജില്ലയുടെ വിവിധയിടങ്ങളിലുമായി ഏക്കർ കണക്കിനു ഭൂമികൾ കണ്ടുവച്ചെങ്കിലും ഏറ്റെടുക്കൽ നടന്നിട്ടില്ല. കരമാർഗമുള്ള കണ്ടെയ്നർ നീക്കം ഇനിയും അനിശ്ചിതമായി നീണ്ടാൽ കേരളത്തിന്റെ വികസന സ്വപ്നത്തിനു തിരിച്ചടിയാകും.
വിഴിഞ്ഞം തുറമുഖത്തിന്റെ ലാഭം സർക്കാരും ജനങ്ങളും അനുഭവിക്കണമെങ്കിൽ നിർദിഷ്ട റിംഗ് റോഡും അനുബന്ധ വികസന പാർക്കുകളും റെയിൽവേയും യാഥാർഥ്യമാകണം. ഇവക്കായി ഒരുതുണ്ട് ഭൂമി പോലും ഏറ്റെടുക്കാൻ സർക്കാരിനായിട്ടില്ല. അളവും നോട്ടിഫിക്കേഷനും കഴിഞ്ഞ് അധികൃതരുടെ ഇടവിട്ടുള്ള കൂടിക്കാഴ്ചകളും തുടരുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് റിംഗ് റോഡ് ആക്ഷൻ കൗൺസിൽ പ്രതിനിധികളും പറയുന്നു.
ഇക്കഴിഞ്ഞ 10നു നടന്ന കൂടിക്കാഴ്ചയിലും റിംഗ് റോഡിനായുള്ള ഭൂമി എന്നുമുതൽ ഏറ്റെടുക്കുമെന്നതിനും അധികൃതർക്ക് മറുപടി നൽകാനായില്ല. ഒരു റോഡിനുള്ള ഭൂമി പോലും ഏറ്റെടുക്കാനുള്ള ഇച്ഛാശക്തി കേരളത്തിന് ഇല്ലാതിരിക്കുമ്പോഴാണ് അന്യ സംസ്ഥാനങ്ങൾ ഇതു മുതലെടുത്തുള്ള വികസന പ്രവർത്തനവുമായി അധിവേഗം മുന്നോട്ടു കുതിക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ 400-ൽപ്പരം കപ്പലുകളിൽ നിന്നായി എട്ട് ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യംചെയ്തു. പൊതുവിൽ കിട്ടുന്ന നികുതിയായ ജിഎസ്ടി അല്ലാതെ ഒരു രൂപ പോലും കേരളത്തിനില്ല. എന്നാൽ വിഴിഞ്ഞത്തു നിന്നുള്ള കണ്ടെയ്നർ കൈകാര്യം ചെയ്ത വകയിൽ തമിഴ്നാട് തൂത്തുക്കുടി തുറമുഖത്തിനു പോലും വരുമാനമായി ലക്ഷങ്ങൾ കിട്ടിയതായും ബന്ധപ്പെട്ടവർ പറയുന്നു.
കൂറ്റൻ മദർഷിപ്പുകളിൽ വരുന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്തുനിന്ന് ഫീഡർഷിപ്പുകളിൽ കടൽ മാർഗം മറ്റ് തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്ന പതിവിന് എന്നു മാറ്റം വരുമെന്ന് അധികൃതർക്ക് ഒരു നിശ്ചയവുമില്ല.
കടൽക്കരയിൽവന്ന് വികസനം കണ്ടു മടങ്ങുന്ന അധികൃതർ കരയിലെ വികസനമില്ലായ്മയെ കണ്ടില്ലന്നു നടിക്കുകയാണ്. വിഴിഞ്ഞം തുറമുഖം ലക്ഷ്യം വച്ച് സാംസൺ മൊബൈൽ കമ്പനി സ്ഥാപിക്കാൻ ഹൂണ്ടായിയും കണ്ടെയ്നർ നിർമാണ കമ്പനിക്കായി സിഎംഎയുമെല്ലാം തമിഴിനാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും കേരളത്തിന് അനക്കമില്ല.
കർണാടകയിലെ ഒൻപതും തമിഴ്നാട്ടിലെ ആറും ജില്ലകൾക്കു വിഴിഞ്ഞം തുറമുഖം കൊണ്ട് വികസനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കർണാടകയിലെ നഞ്ചംകോട് മുതൽ വിഴിഞ്ഞത്തേക്ക് പ്രത്യേക പാത നിർമിക്കാൻ കർണ്ണാടക സർക്കാർ ശ്രമം തുടങ്ങിയെന്നുമറിയുന്നു.