എസ്എഫ്ഐ നേതാക്കള്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവം: അറസ്റ്റ് വൈകുന്നു
1484624
Thursday, December 5, 2024 6:56 AM IST
തിരുവനന്തപുരം: ഭിന്നശേഷി ദിനത്തില്‍ യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നേ താക്കള്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ് വൈകുന്നു. കാലിനു സ്വാധീനക്കുറവുള്ള രണ്ടാംവര്‍ഷ ഫിലോസഫി ബിരുദ വിദ്യാര്‍ഥി പെരുങ്കുളം കോന്നിയൂര്‍ ചക്കിപ്പാറ മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനെ (19) മര്‍ദിച്ച നാല് എസ്എഫ്ഐ നേതാക്കളാണ് ഒളിവില്‍ പോയത്.
സംഭവത്തില്‍ കോളജിലെ എസ് എഫ്ഐ യൂണിറ്റ് ഭാരവാഹികളായ അമല്‍ചന്ദ്, മിഥുന്, അലന് ജമാല്‍, വിധു ഉദയ എന്നിവര്‍ക്ക് എതിരെ കന്റോണ്‍മെന്റ് പോലീസ് ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നാട്ടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് അനസ്. കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പറയുന്നതു പോലെ സംഘടനാപ്രവര്‍ത്തനം നടത്താത്തതാണ് മര്‍ദനത്തിനു കാരണമെന്ന് അനസ് പറയുന്നു. തിങ്കളാഴ്ച്ച മൂന്നരയോടെ യൂണിയന് റൂമിലേക്കു വിളിച്ചു കൊണ്ടു പോയാണ് മര്‍ദിച്ചത്.