ഓടുന്നതിനിടയിൽ സ്വകാര്യ ആഡംബര ബസിനു തീപിടിച്ചു
1494561
Sunday, January 12, 2025 2:40 AM IST
വിഴിഞ്ഞം: ഓടുന്നതിനിടയിൽ സ്വകാര്യ ആഡംബര യാത്ര ബസിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസിനുള്ളിൽ നിറഞ്ഞ പുകയിൽനിന്ന് ശ്വാസംമുട്ടിയ യാത്രക്കാർ പരിഭ്രാന്തിയിലായി ഇറങ്ങുന്നതിനിടയിൽ തീ പടർന്നു പിടിച്ചു. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ലഗേജുകളും അഗ്നിക്കിരയായതായി രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു.
കൊല്ലം - ബാംഗ്ലൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ പഴയകട മണ്ണക്കല്ലിനു സമീപം അഗ്നിക്കിരയായത്. തുടക്കം മുതൽ തകരാറിലായ ബസിൽ യാത്രക്കാരെ കയറ്റിയുള്ള ഓട്ടമാണ് അപകടത്തിനു വഴിതെളിച്ചതെന്നു യാത്രക്കാർ ആരോപിക്കു ന്നു. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ബാംഗ്ലൂരിൽനിന്നു പുറപ്പെടെണ്ട ബസായിരുന്നു ഇത്. സീറ്റ്ബുക്ക് ചെയ്തു മുപ്പതോളം പേർ യാത്രയ്ക്കു തയാറെടുത്ത് ബാംഗ്ലൂരിലെ ഓപ്പറേറ്റിംഗ് ഓഫീസിൽ എത്തിയ സമയം വാഹനം അറ്റകുറ്റപ്പണി കഴിഞ്ഞ് ഉടൻ എത്തുമെന്ന അറിയിപ്പു ലഭിച്ചു.
തുടർന്ന് രാത്രി പത്തരയോടെ ഒരു കർണാടക ബസിൽ യാത്രക്കാരെ കയറ്റി 30 കിലോമീറ്റർ അകലെ കർണാടക തമിഴ്നാട് അതിർത്തിയായ അട്ടി ബെല്ലയിൽ എത്തിച്ചു. അവിടെ എത്തുമ്പോഴും നിശ്ചയിക്കപ്പെട്ട വാഹനം 150 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ ധർമപുരിയിലായിരുന്നതായി കൊല്ലം സ്വദേശികളായ യാത്രക്കാർ പറയുന്നു.
രാത്രി ഒരു മണിയോടെ അട്ടി ബെല്ലയിൽ എത്തിയ വാഹനത്തിൽ കയറാൻ മടിച്ച യാത്രക്കാർ ബസ് അധികൃതരുമായി തർക്കമുണ്ടാക്കി. ബസിന്റെ സുരക്ഷ ഉറപ്പുനൽകിയ ശേഷം യാത്ര തുടർന്നെങ്കിലും നിരവധി പെട്രോൾ പമ്പുകളിൽ കയറി ഇന്ധനമടിച്ചതും വേഗതക്കുറവും സംശയത്തിനിടവരുത്തിയതായും യാത്രക്കാർ പറയുന്നു. തിരുവനന്തപുരത്തും കൊല്ലത്തും ഇറങ്ങാനുള്ള പതിനാറോളം പേരുമായി നാഗർകോവിൽ കളിയിക്കാവിള വഴി കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ പ്രവേശിച്ചു.
മണ്ണക്കൽ ഭാഗത്ത് എത്തിയതോടെ ബസിന്റെ മുൻഭാഗത്ത് അമിതമായ ചൂടും പുകയും അനുഭവപ്പെടാൻ തുടങ്ങി. ഡ്രൈവർ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടയിൽ ബസിനുള്ളിൽ പുക നിറയുകയായിരു ന്നു. ഈ സമയം പലരും ഉച്ചമയക്കത്തിലായിരുന്നതായും പറയുന്നു. പുക നിറഞ്ഞതോടെ യാത്രക്കാർ കൈയിൽ കിട്ടിയ വസ്തുക്കളുമായി പുറത്തേക്കോടി. ഈ സമയം എമർജസി ഡോർ തുറന്നിട്ടില്ലായിരുന്നതായും പരാതി ഉയർന്നു.
ഉള്ളിലുണ്ടായിരുന്നവർ കഷ്ടിച്ച് രക്ഷപ്പെട്ടു പുറത്തിറങ്ങുന്നതിനിടയിൽ തീ പടർന്ന് തുടങ്ങി. ഈ സമയം ബൈപ്പാസിലൂടെ വന്ന വാഹനങ്ങളും കുടുങ്ങി. അപകടം മൊബൈലിൽ പകർത്താൻ ആൾക്കാർ തിടുക്കം കൂട്ടിയെങ്കിലും ബസ് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായതോടെ മറ്റു വാഹനങ്ങൾ അവിടെ നിന്ന് മാറ്റി. വിവരമറിഞ്ഞ് പൂവാറിൽ നിന്നെത്തിയ ഫയർ ഫോഴ്സ് വെള്ളമൊഴിച്ച് തീയണച്ചതിനാൽ അപകടം ഒഴിവായി.
മുൻവശമുൾപ്പെടെ കത്തിയ ബസിനു സാരമായ കേടുപാടുണ്ടായതായും ഷോർട്ട് സർക്യൂട്ടാകാം അപകടത്തിനു കാരണമെന്നുംഫയർ ഫോഴ്സ് അധികൃതർ പറയുന്നു. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് വൻതുക ടിക്കറ്റിനത്തിൽ ഈടാക്കിയതായും പരാതിയുണ്ട്. സീസണിൽ 1200 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 2900 മായി ഉയർത്തിയിട്ടും സുരക്ഷിതത്വം ഉറപ്പുവരുത്താത്തതിനെതിരെ പരാതിനൽകുമെന്നും യാത്രക്കാർ പറഞ്ഞു.
സ്വന്തം ലേഖകൻ