ഇനിയൊരു ജന്മത്തിൻ കടവിലേയ്ക്കോ...
1494560
Sunday, January 12, 2025 2:40 AM IST
വർഷം 1979 - ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ഉൾക്കടലിലെ "ശരദിന്ദു മലർ ദീപനാളം നീട്ടി...’ എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് നടക്കുന്നു. പി. ജയചന്ദ്രനും സെൽമ ജോർജ്ജുമാണ് ഗായകർ.
"ശരദിന്ദു മലർ ദീപനാളം നീട്ടി... ’, സത്യത്തിൽ ഒൻഎൻവി രചിച്ച കവിതയാണ്. ഉൾക്കടലിലെ നായക കഥാപാത്രമായ രാഹുലൻ (വേണുനാഗവള്ളി) കവിയാണ്. രാഹുലൻ പേപ്പറിൽ കുറിച്ചു വച്ച കവിത പ്രണയിനിയായ റീന (ശോഭ) കണ്ടെടുത്ത് പാടുന്നതാണ് സന്ദർഭം.
സാധാരണ ഗാനങ്ങൾ സൃഷ്ടിക്കുന്നതു പോലെ എളുപ്പമല്ല ഒരു കവിതയ്ക്കു ഈണം നൽകുക എന്നത്. കാവ്യത്തിന്റെ ഭാവം ചോരാതെ, താളലയം നഷ്ടമാവാതെ വേണം സംഗീതം പകരുവാൻ. എം.ബി.ശ്രീനിവാസൻ എന്ന അനുഗൃഹീത സംഗീത സംവിധായകൻ ഒഎൻവി കവിതയ്ക്കു ഏറ്റവും ചാരുതയാർന്ന ഇണം നൽകി.
ഗായകരായ പി. ജയചന്ദ്രന്റെയും സെൽമ ജോർജിന്റെയും കൈയിലാണ് ഇനി പാട്ടിന്റെ ഭാവി..! ആലാപനം ആല്പമൊന്നു പിഴച്ചാൽ തന്നെ പാട്ടിന്റെ ഭാവ സൗന്ദര്യം നഷ്ടപ്പെട്ടേക്കും. ആ ഒരു ആശങ്ക സംഗീത സംവിധായകൻ എം.ബി.എസിന്റെ മുഖത്തുണ്ട്. റിഹേഴ്സലുകൾക്കു ശേഷം റെക്കാർഡിംഗ് നടന്നു.
രാഹുലന്റെയും റീനയുടെയും നിശ്വാസം ഉൾക്കൊണ്ടെന്നത് പോലെ ജയചന്ദ്രനും സെൽമ ജോർജും പാടി- "ശരദിന്ദു മലർ ദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതിമീട്ടി...’
റെക്കോർഡിംഗ് കഴിഞ്ഞതും ഒരു ലോകം കീഴടക്കിയ ആഹ്ലാദത്തോടെ എം.ബി.എസ്. ഉറക്കെ വിളച്ചു പറഞ്ഞു- "എക്സലന്റ...്' റെക്കോർഡിംഗ് സ്റ്റുഡിയോയിലുണ്ടായിരുന്ന ഉൾക്കടലിന്റെ കഥാകാരൻ ഡോ. ജോർജ് ഓണക്കൂറിന്റെ നെഞ്ചിന്റെ ഉള്ളിൽ ഇന്നും ആ "എക്്സലന്റ്’ മുഴങ്ങുന്നുണ്ട്. കവിത പോലെ മനോഹരമായ ഡോ. ജോർജ് ഓണക്കൂറിന്റെ "ഉൾക്കടൽ’ എന്ന നോവലിനു അതിമനോഹരമായ ചലച്ചിത്ര ഭാഷ്യം നൽകിയ കെ.ജി. ജോർജ് ഇന്നു നമുക്കൊപ്പമില്ല. എം.ബി. ശ്രീനിവാസനും കാലയവനികയ്ക്കുള്ളിൽ എന്നേ മറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ ഈ ധനുമാസ സന്ധ്യ ജയചന്ദ്രനെയും ശരത്കാല ചന്ദ്രൻ മലർ ദീപനാളം നീട്ടിയ ഏതോ യാമത്തിലേക്കു കൂട്ടികൊണ്ടുപോയിരിക്കുന്നു.
എങ്കിലും ജയചന്ദ്രന്റെ ശരദിന്ദുവിന്റെ മിടിപ്പ് ഇന്നും ഉള്ളിലടക്കി പിടിച്ച് ജോർജ് ഓണക്കൂർ നമുക്കൊപ്പമുണ്ട്.
"1979 ൽ ജയചന്ദ്രനും സെൽമ ജോർജും ചേർന്നു പാടിയ ഗാനം എത്രയോ തലമുറകൾ ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു. നൂറുകണക്കിനു വേദികളിൽ ഗാനം അവതരിപ്പിക്കപ്പെട്ട് കഴിഞ്ഞു. എങ്കിലും ഇന്നും ഗാനത്തിന്റെ മൗലിക ഭാവം നഷ്ടമായിട്ടില്ല. കവിതയുടെതായ ഭാവലയവും സംഗീത സ്വരമാധുരിയും ഒരുപോലെ ചേർത്തിണക്കി പാടാൻ കഴിയുന്ന സർഗധനനായ ഗായകനാണ് പി. ജയചന്ദ്രൻ. പാട്ടിന്റെ സംസ്കാരം ഉൾക്കൊണ്ട് പാടുവാനുള്ള അനിതര സാധാരണമായൊരു സിദ്ധിയും പി. ജയചന്ദ്രനുണ്ട്. സെൽമ ജോർജിന്റെ സംഭാവനയും എടുത്തുപറയുന്നു. അതുകൊണ്ടാണ് "ശരദിന്ദു...' ഇന്നും ആസ്വാദകർ ഏറ്റു പാടുന്നത്.
""കഴിഞ്ഞ എത്രയോ വർഷങ്ങളായി എന്റെ മൊബൈൽ ഫോണിന്റെ റിംഗ് ടോണ് ശരദിന്ദുവാണ്...' എന്നെ ഫോണ് ചെയ്യുന്ന പലരും പാട്ടിന്റെ മാധുര്യത്തെക്കുറിച്ച് പറയാറുണ്ട്. ശരദിന്ദു കേൾക്കുവാനാണു സാറിനെ വിളിക്കുന്നതെന്ന് പറയുന്നവരുമുണ്ട്. ഞങ്ങൾ ഫോണ് ചെയ്യുന്പോൾ പാട്ട് കഴിഞ്ഞ ശേഷം സാർ ഫോണ് എടുത്താൽ മതി എന്ന് ഓർമിപ്പിക്കുന്നവരുമുണ്ട്.'' ഓണക്കൂറിന്റെ വാക്കുകൾ.
ഉൾക്കടൽ എന്ന സിനിമയിൽ പാട്ട് വേണ്ട എന്ന തീരുമാനമായിരുന്നു കെ.ജി. ജോർജിന് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ രാഹുലൻ എന്ന കവിയുടെ കവിതകൾ സിനിമയിൽ ഉണ്ടാവണം എന്നു ജോർജ് ഓണക്കൂറിനു നിർബന്ധം ഉണ്ടായിരുന്നു. കവിതകൾ ഒഎൻവി തന്നെ എഴുതണമെന്നും. അങ്ങനെ ഒടുവിൽ കെ.ജി. ജോർജ് വഴങ്ങുകയായിരുന്നു. ഡോ. കെ.ജെ. യേശുദാസ് അന്ന് അമേരിക്കയിൽ ആയിരുന്നതിനാൽ സിനിമയിൽ യേശുദാസ് പാടുന്ന നാലു ഗാനങ്ങളും സിനിമയുടെ ചിത്രീകരണശേഷമാണ് റെക്കോർഡ് ചെയ്തത്. "എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെണ്കൊടി... ഉൾപ്പെടെയുള്ള ഗാനങ്ങൾക്കു ലിപ്മൂവ്മെന്റ് ഇല്ല എന്ന കാര്യവും ഓർമിക്കണം.
ജയചന്ദ്രനും സെൽമ ജോർജും പാടി ശരദിന്ദു...’ എന്ന ഗാനം മാത്രമേ സിനിമയിലെ രാഹുലനും റീനയും ഒന്നായി പാടുന്നുള്ളൂ എന്ന സവിശേഷതയുമുണ്ട്.
എസ്.മഞ്ജുളാദേവി