പിതാവ് സമാധിയായെന്ന് മക്കള്‍; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാര്‍
1494551
Sunday, January 12, 2025 2:40 AM IST
നെയ്യാറ്റിന്‍കര : പിതാവിന്റെ താത്പര്യപ്രകാരം സമാധിയായി ഇരുത്തിയെന്ന് മക്കളുടെ അവകാശവാദം. സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. പോലീസ് കേസെടുത്തു. ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ വേണമെന്ന ആവശ്യം ശക്തം. അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (78) യുടെ സമാധിയാണ് നാട്ടില്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗോപന്‍സ്വാമിയുടെ വീടിനു സമീപം ഗോപന്‍സ്വാമി സമാധിയായി എന്ന പോസ്റ്റര്‍ കണ്ടതോടെ സമീപവാസികൾ അദ്ദേഹത്തിന്റെ വസതിയിലെത്തി കാര്യം തിരക്കി.
പിതാവ് സമാധിയായെന്നും അദ്ദേഹത്തിന്റെ താത്പര്യപ്രകാരം പുരയിടത്തില്‍ പ്രത്യേകമായി തയാറാക്കിയ സമാധി മണ്ഡപത്തില്‍ അദ്ദേഹത്തെ പത്മാസനത്തില്‍ ഇരുത്തി ആവശ്യമായ പൂജാദികര്‍മങ്ങള്‍ക്കു ശേഷം മണ്ഡപം സ്ലാബിട്ട് മൂടിയെന്നും മക്കള്‍ അറിയിച്ചു. എന്നാല്‍ മരണം ഏതെങ്കിലും ഡോക്ടര്‍ സ്ഥിരീകരിക്കുകയോ മരണവിവരം വാര്‍ഡ് കൗണ്‍സിലറെ പോലും അറിയിക്കുകയോ ചെയ്യാത്ത സാഹചര്യം ദുരൂഹമായി തോന്നിയതിനാല്‍ നാട്ടുകാരാണ് പോലീസില്‍ പരാതിപ്പെട്ടത്.
ഭാര്യ സുലോചന, മക്കളായ സനന്ദന്‍, രാജസേനന് എന്നിവരാണ് ഗോപന്‍സ്വാമിയുടെ കുടുംബാംഗങ്ങള്‍. സമാധി വിവരം ആസമയം പുറംലോകത്തെ അറിയിക്കാന്‍ പാടില്ലായെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിസരവാസികളോടോ തദ്ദേശീയരോടോ പറയാതിരുന്നതെന്ന് ഗോപന്‍സ്വാമിയുടെ മക്കള്‍ ആവര്‍ത്തിക്കുന്നു. ചുമട്ടു തൊഴിലാളിയായ ഗോപന്‍സ്വാമി സ്വയം അധ്വാനിച്ചു നേടിയ പണം ഉപയോഗിച്ച് സ്വന്തം സമാധിമണ്ഡപം തീര്‍ത്തതാണെന്നും മരണസമയം മൂന്നു ദിവസം മുന്‍പ് അദ്ദേഹം ഭാര്യയെ അറിയിച്ചുവെന്നും മക്കള്‍ പറയുന്നുണ്ട്.
അതേ സമയം, സമാധിയാകുന്നതിനു മുന്നോടിയായി രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അദ്ദേഹം കഴിച്ചതായും കഞ്ഞി കുടിച്ചതായും പറയപ്പെടുന്നു. കന്യാകുമാരി ജില്ലയിലെ മൈലാടിയില്‍ നിന്നുള്ള കല്ലുകളും പീഠവുമാണ് സമാധിമണ്ഡപത്തിലുള്ളത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ സമാധിയായിയെന്നാണ് ഗോപന്‍സ്വാമിയുടെ മക്കളുടെ വാദം. പൂജാദികര്‍മങ്ങള്‍ അവസാനിച്ചപ്പോള്‍ അടുത്ത ദിവസം പുലര്‍ച്ചെയായി. സംഭവസ്ഥലത്തെത്തിയ പോലീസ് സമാധി മണ്ഡപം സീല്‍ ചെയ്തു. പോലീസ് കാവലും ഏര്‍പ്പെടുത്തി.
ഗോപന്‍സ്വാമിയുടെ കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും മൊഴിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. കലക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍നടപടികള്‍. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുക എന്നതാണ് നാട്ടുകാരുടെ ആവശ്യം.