ഏണിക്കരയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ
1494549
Sunday, January 12, 2025 2:40 AM IST
നെടുമങ്ങാട്: ഏണിക്കരയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം നെടുമ്പാറ തടത്തരികത്ത് വീട്ടിൽ സാജൻ (31)ആണ് കുത്തേറ്റു മരിച്ചത്.
കരകുളം നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ് (31) , കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ അനീഷ്(34) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച്ച രാത്രി 8:30ഓടെയാണ് സംഭവം നടന്നത്. അറസ്റ്റിലായ ജിതിന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സ്വർണാഭരണം പണയം വച്ചതുമായ തർക്കം നിലവിലുണ്ടായിരുന്നു.
വെള്ളിയാഴ്ച്ച രാത്രി ജിതിൻ ഉൾപ്പെട്ട സംഘം സാജന്റെ വീട്ടിൽ എത്തുകയും ടിപ്പർ ഡ്രൈവറായ സാജനോട് വാഹനത്തിന് ഓട്ടം ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചു അവശനാക്കിയ ശേഷം കത്തിഉപയോഗിച്ച് കുത്തുകയായിരിന്നുവെന്നു പോലീസ് പറഞ്ഞു . ഗുരുതരമായി പരിക്കേറ്റ സാജനെ മെഡിക്കൽകോളജിൽ പ്രവേശിച്ചുവെങ്കിലും ഇന്നലെ രാവിലെ ആറോടെ മരിക്കുകയായിരുന്നു. മരിച്ച സാജൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും, നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് കേസ് നിലവിലുണ്ടെന്നും പോലീസ് പറയുന്നു.