പത്രഏജന്റിനെ ആക്രമിച്ചവരെ പിടികൂടുന്നില്ലെന്ന് ആക്ഷേപം
1494408
Saturday, January 11, 2025 6:21 AM IST
കിളിമാനൂർ: പത്ര വിതരണക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടുന്നില്ലെന്ന് ആക്ഷേപം. പനപ്പാംകുന്ന് മലയ്ക്കൽ പരുത്തൻകോട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ജി. ഗിരീഷ്കുമാറി (40)നെയാണ് സമീപവാസി കുത്തിപ്പരിക്കേല്പിച്ചത്. സമീപവാസിയായ സഹകരണ വകുപ്പ് ജീവനക്കാരൻ കൊച്ചനിയെന്ന ടി.സജീവി(52)നെതിരെ കിളിമാനൂർ പോലിസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ മാസം 31ന് രാവിലെ 8.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. സജീവ് ജോലി ചെയ്യുന്ന സഹകരണ ബാങ്കിന്റെ വാഹനവുമായി കാലായ്ക്കോട് -വലിയകണ്ടം - പനപ്പാംകുന്ന് റോഡിലൂടെ വരുമ്പോൾ, പത്രവിതരണം നടത്തുകയായിരുന്ന ഗിരീഷിന്റെ വാഹനം വഴിയിൽ പാർക്ക് ചെയ്തിരുന്നതാണ് പ്രതിയെ പ്രകോപിതനാക്കിയത്.
സമീപത്തെ വീട്ടിൽ പത്രമിടാൻ ഇറങ്ങിയപ്പോഴാണ് കാർ വന്നത്. ഇതിന്റെ പേരിൽ സജീവ് , ഗിരീഷിനെ അസഭ്യം വിളിക്കുകയും, ഇരുവരും വാക്കുതർക്കമുണ്ടാവുകയും ചെയ്തു.
തുടർന്ന് അതോദിവസം ഉച്ചയ്ക്ക് തുമ്പോട് പോയി മടങ്ങിവരുമ്പോൾ കൃഷ്ണൻകുന്നിലെന്ന സ്ഥലത്തിനു സമീപത്തായി പിന്നിലൂടെ വന്ന സജീവ് ഗിരീഷിന്റെ വാഹനത്തിൽ തന്റെ വാഹനം ഇടിക്കാൻ ശ്രമിച്ചു. അപ്പോഴും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് വൈകിട്ട് ഏഴിന് രാവിലെ തർക്കമുണ്ടായ സ്ഥലത്ത് വച്ച് , സ്ക്കൂട്ടറിൽ വരികയായിരുന്ന സജീവ് സമീപത്തെ ബന്ധു വീട്ടിൽ നിൽക്കുകയായിരുന്ന ഗിരീഷിനെ കണ്ട് വീണ്ടും അസഭ്യം വിളിക്കുകയായിരുന്നതായി പരാതിയിൽ പറയുന്നു.
വാക്കുതർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ഇടതു കൈത്തണ്ടയിൽ മാരകമായി കുത്തി മുറിവേല്പിക്കുകയായിരുന്നു.