പൗർണമിക്കാവിൽ നാളെ നട തുറക്കും
1494554
Sunday, January 12, 2025 2:40 AM IST
വിഴിഞ്ഞം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലാത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ നാളെ നട തുറക്കും.
ധനു തിരുവാതിരയും പൗർണമിയും ഒത്തുചേരുന്ന നാളെ പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ യാഗശാലയിൽ വെള്ള മാർബിളിൽ കൊത്തിയെടുത്ത നന്ദി വിഗ്രഹ സമർപ്പണം നടത്തും. "ആത്മീയ നിലാവ് പെയ്യുന്ന പൗർണ്ണമിക്കാവ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും പോണ്ടിച്ചേരി ഗവർണർ നടത്തും.
രാവിലെ 7.30 മുതൽ ഭജന, 11 മുതൽ പൗർണമി തിരുവാതിര സംഘത്തിന്റെ തിരുവാതിര, ഉച്ചയ്ക്കു 12 മുതൽ അമൃതവർഷണി കലാപീഠത്തിന്റെ ഭക്തിഗാനാമൃതം, ഒരുമണി മുതൽ ഷാർജി സുരേഷ് ബാബു അവതരിപ്പിക്കുന്ന അർധ ശാസ്ത്രീയ നൃത്തങ്ങൾ, 2.30 മുതൽ എൻ.എ. കല്യാണി അവതരിപ്പിക്കുന്നു ക്ലാസിക്കൽ ഡാൻസ്, വൈകുന്നേരം നാലു മുതൽ മഹേശ്വര ഡാൻസ് അക്കാഡമിയുടെ നൃത്ത നൃത്യങ്ങൾ, ആറു മുതൽ ധനുത്തിരുവാതിരയോടനുബന്ധിച്ചു പൗർണമിക്കാവ് ക്ഷേത്രം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, രാത്രി ഏഴു മുതൽ ഗുളികൻ അവ തരണം എന്നിവയുണ്ടാകും. രാത്രി 10 മണിക്ക് വലിയ ഗുരുസിയോടെ നട അടക്കും.