നവോത്ഥാന സന്ദേശയാത്രയ്ക്ക് ആശാൻ സ്മാരകത്തിൽ തുടക്കം
1494401
Saturday, January 11, 2025 6:10 AM IST
പോത്തൻകോട്: നൂറ്റാണ്ടുകൾക്ക് മുൻപുള്ള യാഥാസ്ഥിതിക ചിന്തകളിലേക്കു മലയാളികൾ മടങ്ങിപ്പോകരുതെന്നു കവി കുരീപ്പുഴ ശ്രീകുമാർ. കുമാരനാശാൻ ചരമശതാബ്ദി ആചരണസമിതി സംഘടിപ്പിച്ച നവോത്ഥാന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രസ്ഥാനം നിരാകരിച്ച മതത്തിലേക്കു മലയാളികൾ മടങ്ങിപ്പോകുന്നു. എവിടെ മതമുണ്ടോ അവിടെ മതമൗലികവാദം ഉണ്ടാകും. മതമൗലികവാദം മതതീവ്രവാദത്തെ സൃഷ്ടിക്കും. മതാതീത മനുഷ്യൻ എന്ന സങ്കൽപ്പമാണ് നാരായണഗുരു മുന്നോട്ടുവച്ചത്. ദുരവസ്ഥയിലൂടെ ആശാൻ ജാതിയ്ക്കതീതമായ മതാതീതമായ മനുഷ്യ പ്രണയം എന്ന ആധുനിക സങ്കൽപ്പമാണ് മുന്നോട്ടുവച്ചതെന്നും കുരീപ്പുഴ കൂട്ടിച്ചേർത്തു.
കുമാരനാശാൻ ചരമശതാബ്ദി ആചരണകമ്മിറ്റി കടയ്ക്കാവൂർ മേഖല ചെയർമാൻ ഷിബു കടയ്ക്കാവൂർ അധ്യക്ഷത വഹിച്ചു. എം.എസ്. സുമേഷ് കൃഷ്ണൻ, ഡോ. ബി. ഭുവനേന്ദ്രൻ, ബാനർ സാംസ്കാരിക സമിതി സംസ്ഥാന കൺവീനർ കെ.കെ. സുരേന്ദ്രൻ, രാമചന്ദ്രൻ കരവാരം, അനിത ജയരാജ്, ആചരണ സമിതി ജില്ലാ ചെയർമാൻ എം.പി. സുഭാഷ്, ജില്ലാ കൺവീനർ ആർ. ബിജു എന്നിവർ പ്രസംഗിച്ചു. ആചരണ സമിതി സംസ്ഥാന കൺവീനർ പ്രഫ. കെ.പി. സജി സ്വാഗതവും കെ. ജയിൻ നന്ദിയും പറഞ്ഞു.
സമ്മേളനാനന്തരം സമുദ്ര പെർഫോർമിംഗ് ആർട്സ് "സമുദ്രനടനവും എഐഡിഎസ്ഒ കലാസംഘം അവതരിപ്പിച്ച നൃത്തനാടകം "ചിന്താവിഷ്ടയായ സീത'യും അരങ്ങേറി. കെ.പി. കുമാരൻ, റഫീഖ് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, പ്രഫ. കെ. ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകുന്ന നവോത്ഥാന സന്ദേശയാത്ര ഇന്നു തോന്നയ്ക്കൽ ആശാൻ സ്മാരകം,
പെരുങ്ങുഴി, പോത്തൻകോട് എന്നീ കേന്ദ്രങ്ങളിൽ എത്തിച്ചേരും. ഒരു വർഷമായി കുമാരനാശാൻ ചരമശതാബ്ദി ആചരണ കമ്മിറ്റി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ സമാപനം 16നു പല്ലന ആശാൻ സ്മാരകത്തിൽ എം.കെ. സാനു ഉദ്ഘാടനം ചെയ്യും.