നിശബ്ദ ആത്മീയത നീതിയ്ക്കും സമാധാനത്തിനും ഉൗർജസ്രോതസ്: റവ.ഡോ. സി.ഐ. ഡേവിഡ് ജോയ്
1494406
Saturday, January 11, 2025 6:21 AM IST
തിരുവനന്തപുരം: നിശബ്ദ ആത്മീയതയുടെ ഉൗർജം നീതിക്കും സമാധാനത്തിനും അടിസ്ഥാനമാകുമെന്നു കണ്ണമ്മൂല ഐക്യ വൈദിക സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. പ്രഫ. സി.ഐ. ഡേവിഡ് ജോയ്. ദൈവശാസ്ത്ര ഗവേഷകരുടെയും അധ്യാപകരുടേയും സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷഭരിതമായ ലോകത്തിനു പ്രകാശം പകരാൻ വേദസൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനം ഉണ്ടാകണമെന്നും വിശുദ്ധ വേദപുസ്തക സത്യങ്ങൾ കാലിക ലോകത്തിൽ സഹിഷ്ണുതയും നീതിയും സമാധാനവും ഉണ്ടാകാൻ നിശബ്ദധ്യാനത്തിലൂടെ വ്യാഖ്യാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ബർമിംഗ്ഹാം യൂണിവേഴ്സിറ്റി പീസ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ആൻഡ്രൂകാൻ മുഖ്യപ്രഭാഷണം നടത്തി.
ശബ്ദകോലാഹലങ്ങളിൽ ആത്മീയത മുങ്ങിപ്പോകുന്ന ദൃശ്യമാണ് പാശ്ചാത്യലോകത്തുള്ളതെന്നും ശരിയായ വചനവിചിന്തനം ധ്യാനാത്മകമായി ഉളവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാരി രജിസ്ട്രാർ റവ. ജേക്കബ് ദേവസ്യ ആശംസകളർപ്പിച്ചു.