അശോകൻ വധക്കേസ് : എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി
1494405
Saturday, January 11, 2025 6:21 AM IST
തിരുവനന്തപുരം: കാട്ടാക്കട അന്പലത്തിൻകാല മണ്ണടി പുത്തൻ വീട്ടിൽ ആർ. ശ്രീകുമാർ എന്ന അശോകനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ എട്ടു പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തി.
സംഭവത്തിൽ നേരിട്ട് പങ്കാളികളായ അഞ്ചു പ്രതികൾക്കെതിരെ കൊലക്കുറ്റവും മൂന്നു പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റവുമാണ് കോടതി കണ്ടെത്തിയിട്ടുളളത്. പലിശ നൽകിയതു കുറഞ്ഞു പോയത് ചോദ്യം ചെയ്തതായിരുന്നു കൊലപാതക കാരണം. 16 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും.
ആമച്ചൽ സ്വദേശികളായ തലക്കോണം തെക്കേ കുഞ്ചു വീട്ടിൽ ശംഭുകുമാർ എന്ന ശംഭു, കരുതംകോട് കാവിൻപുറം എസ്.എം. സദനത്തിൽ ശ്രീജിത്ത് എന്ന ഉണ്ണി, കരുംതംകോട് മേലെ കുളത്തിൻകര വീട്ടിൽ ഹരികുമാർ, കരുതംകോട് താരാഭവനിൽ ചന്ദ്രമോഹൻ എന്ന അന്പിളി, തലക്കോണം തെക്കേ കുഞ്ചുവീട്ടിൽ സന്തോഷ് എന്ന ചന്തു എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.
ആലംകോട് കുളത്തിമ്മേൽ അന്പലത്തിൻകാല സ്വദേശി അഭിഷേക് എന്ന അണ്ണി സന്തോഷ്, അന്പലത്തിൻകാല കളവിക്കോട് പ്രശാന്ത് എന്ന പഴിഞ്ഞി പ്രശാന്ത്, കുളത്തിമ്മേൽ ചെന്പനാക്കോട് ചന്ദ്രവിലസത്തിൽ സജീവ് എന്നിവർക്കെതിരെയാണ് കോടതി കുറ്റകരമായ ഗൂഢാലോചന കുറ്റം കണ്ടെത്തിയിട്ടുളളത്.
19 പ്രതികൾ ഉണ്ടായിരുന്ന കേസിൽ ഒരാൾ മരണപ്പെടുകയും രണ്ടു പേർ മാപ്പുസാക്ഷികളാകുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ശ്രീകുമാർ സിപിഎം പ്രവർത്തകനാണ്. പ്രതികൾ ബിജെപി പ്രവർത്തകരും. എന്നാൽ ഇത് ഒരു രാഷ്ട്രീയ കൊലപാതകം ആയിരുന്നില്ല. കൊല്ലപ്പെട്ട ശ്രീകുമാറിന്റെ സുഹൃത്ത് ബിനു ഒന്നാം പ്രതി ശംഭുകുമാറിൽ നിന്ന് ബിനുവിന്റെ ബൈക്കിന്റെ ആർ.സി ബുക്ക് പണയംവച്ച് 10,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു.
പലിശ നൽകിയത് കുറഞ്ഞതിനാൽ ഒന്നാം പ്രതി ബിനുവിന്റെ ബൈക്കിന്റെ താക്കോൽ എടുത്തു. ഇതു കൊല്ലപ്പെട്ടശ്രീകുമാർ ചോദ്യം ചെയ്യുകയും ശംഭുവിനെ മർദിക്കുകയും ചെയ്തു. ഇതിനു പ്രതികാരമായാണ് ശംഭുവിന്റെ സുഹൃത്തുക്കളായ പ്രതികൾ ശ്രീകുമാറിനെ മർദിച്ചതും മരണം സംഭവിച്ചതും. 2013 മേയ് രണ്ടിനായിരുന്നു സംഭവം.