ദുരൂഹതകൾ ബാക്കിവച്ച് മരണം; മുണ്ടേല മോഹനന്റെ ആത്മഹത്യയിൽ അന്വേഷണം നടത്താൻ സാധ്യത
1480710
Thursday, November 21, 2024 3:02 AM IST
കാട്ടാക്കട: രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനന്റെ ആത്മഹത്യയിൽ അന്വേഷണം നടത്താൻ സാധ്യത. ഇത് സംബന്ധിച്ച് പരാതികളും പോലീസിന് കിട്ടിയിട്ടുണ്ട്. മുണ്ടേല മോഹനനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ചർച്ചയാകുന്നത് ബിനാമി സ്വത്തുമായി ബന്ധപ്പെട്ട ദുരൂഹതകൾ.
ബുധനാഴ്ച രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോർട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നാലെ അതിനപ്പുറത്തേക്കുള്ള ദുരൂഹതകളും കേസിനുണ്ട്. മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള പരാതിയെ തുടർന്ന് മോഹനൻ ഒളിവിലായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘമാണ് മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം.
യഥാസമയം പണം തിരികെ നൽകിയില്ലെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മാസം സഹകരണ സംഘത്തിൽ നിക്ഷേപകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുക തിരികെ നൽകണമെന്ന ആവശ്യവുമായി സഹകരണ സംഘത്തിലെത്തിയ നിക്ഷേപകർക്ക് മുന്നിൽ സെക്രട്ടറി കൈമലർത്തിയത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പോലീസും സഹകരണ വകുപ്പും നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഈ മാസം അഞ്ചിനകം തുക മുൻഗണനാ ക്രമത്തിൽ തിരികെ നൽകാൻ ധാരണയായിരുന്നു.
പോലീസ് എഫ്ഐആറിൽ കൊലപാതക സാധ്യതയൊന്നും പറയുന്നില്ല. സഹകരണ സംഘത്തിലെ പ്രശ്നങ്ങളുടെ മനോവിഷമത്തിലെ മരണമായി ഇതിനെ വിശദീകരിക്കുകയാണ് പോലീസ് എഫ്ഐആർ. എങ്ങനേയും പണം തിരികെ കൊടുത്ത് കേസൊഴിവാക്കുകയായിരുന്നു ലക്ഷ്യം. കുനിച്ച് മലയിലാണ് മുണ്ടേല മോഹനൻ മരിച്ച റിസോർട്ട്. ഇത് മോഹനന്റെ അനുജൻ ജയചന്ദ്രന്റെ പേരിലുള്ളതാണ്. എല്ലാ രഹസ്യങ്ങളും പുറത്തു പറയുമെന്ന മുണ്ടേല മോഹനന്റെ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്. സഹകരണ സംഘത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു.
ജനങ്ങളുടെ പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. ഗ്രാമീണ മേഖലയായ സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപങ്ങൾ ഉൾപ്പെടെ കോൺഗ്രസ് ഭരണസമിതി തട്ടിയെടുത്തെന്നാണ് പരാതി. 2004ൽ സംഘം പ്രവർത്തനം ആരംഭിച്ചതു മുതൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണുള്ളത്.
കണ്ടലയ്ക്കും നേമത്തിനും ശേഷം തിരുവനന്തപുരം ജില്ലയിൽ നടന്ന വലിയ അഴിമതിയെന്ന ആരോപണം നേരിടുന്നതാണ് മുണ്ടേല സഹകരണസംഘം. ഇതോടെ ഭരണസമിതിയെ പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റർ ഭരണം ഏൽപ്പിക്കുകയും ചെയ്തു. മോഹനനെ രണ്ടാം പ്രതിയാക്കി 31 കേസുമെടുത്തതോടെയാണ് ഒളിവിൽ പോയത്. കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇന്നലെയും സമാനമായ പ്രതിഷേധം ബാങ്കിൽ അരങ്ങേറിയിരുന്നു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 34 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
ഈ വിവരം ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ബോർഡ് പിരിച്ച് വിട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഈ മാസം 11നകം അറസ്റ്റ് ചെയ്യുവാനുള്ള നടപടികൾ എടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി സമരക്കാരെ അറിയിച്ചുവെങ്കിലും ഇതു വരെയും അറസ്റ്റ് ചെയ്തിട്ടില്ല. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ഇതുവരെ 168 പരാതികളാണ് പലീസിന് ലഭിച്ചത്. കഴിഞ്ഞദിവസം പണം നിക്ഷേപിച്ചിരുന്ന ഭിന്നശേഷിക്കാരായവർ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.