മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് ബോട്ടും വള്ളങ്ങളും പിടികൂടി
1480700
Thursday, November 21, 2024 3:02 AM IST
വിഴിഞ്ഞം: നിയമവിരുദ്ധമായും മതിയായ രേഖകളില്ലാതെയും മത്സ്യബന്ധനം നടത്തിയ ബോട്ടും വള്ളങ്ങളും പിടികൂടി. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോർസ്മെന്റ് ഇന്നലെ നടത്തിയ പരിശോധനയിലാണ് വിഴിഞ്ഞ് നിന്നും 10 കിലോമീറ്ററിനുള്ളിൽനിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ ട്രോളർ ബോട്ട് പിടിച്ചെടുത്തത്.
വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിങ്ങിൽ തമിഴ്നാട് തൂത്തൂർ സ്വദേശിയായ ഫ്രാൻസിസ് സേവ്യർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടും, മതിയായ രേഖകളില്ലാതെ മീൻ പിടിക്കാൻ ഇറങ്ങിയ അടിമലത്തുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ട് വള്ളങ്ങളുമാണ് പിടികൂടി കസ്റ്റഡിയിലെടുത്തത്.
മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ ബി.ദീപു, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.സുഗതൻ, ലൈഫ് ഗാർഡുമാരായ എം.പനിയടിമ, സുരേഷ് റോബർട്ട് എന്നിവരുൾപ്പെട്ട സംഘമാണ് ബോട്ടും വള്ളങ്ങളും പിടികൂടിയത്.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.