തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഇനി മുതൽ 10 രൂപ ഈടാക്കും
1480501
Wednesday, November 20, 2024 5:58 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം. സൗജന്യമായിരുന്ന ഒപി ടിക്കറ്റിന് ഇനി മുതൽ 10 രൂപ ഈടാക്കും.
ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. അതേസമയം ബിപിഎൽ വിഭാഗത്തിന് ഒപി ടിക്കറ്റ് തുടർന്നും സൗജന്യമായി നൽകും. ടിക്കറ്റിന് 20 രൂപ ആക്കനായിരുന്നു ആശുപത്രി വികനസന സമിതിയുടെ ആലോചന. ഇതിനെ പ്രതിപക്ഷം എതിർത്തിരുന്നു.
കഴിഞ്ഞദിവസമാണ് ആശുപത്രി വികസന സമിതിയുടെ അജണ്ട പുറത്തുവന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ജില്ല കളക്ടറുടെ അധ്യക്ഷതയിലാണ് ആശുപത്രി വികസന സമിതി യോഗം ചേർന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. മറ്റ് മെഡിക്കൽ കോളജുകളിൽ നിരക്ക് ഏർപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയാണ് ് തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഫീസ് ഉയർത്തിയതിൽ പ്രതിഷേധിച്ച് സമിതിയിലെ കോണ്ഗ്രസ് പ്രതിനിധി ഉള്ളൂർ മുരളി യോഗം ബഹിഷ്കരിച്ചു.