"ഗെയില്‍ വിരുദ്ധ സമരം എം.ഐ. ഷാനവാസിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ അടയാളം'
1481182
Friday, November 22, 2024 7:10 AM IST
എം.ഐ. ഷാനവാസ് അനുസ്മരണം വി.എം. സ ുധീരൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം എം.ഐ. ഷാനവാസിനു ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ അടയാളമെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്. ഗെയില്‍ വിരുദ്ധ സമരത്തിന് ഷാനവാസ് നേതൃത്വം നല്കിയില്ലായിരുന്നുവെങ്കില് ആ പ്രദേശത്തെ ജനങ്ങള്‍ നിസഹായരാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എം.ഐ. ഷാനവാസ് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന എംഐ ഷാനവാസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്.
ജനകീയ പ്രശ്നങ്ങളെ ഏതറ്റം വരെയും മുന്നോട്ടു കൊണ്ടുപോയി ഏറ്റെടുത്ത ചുമതല കൃത്യമായി നിര്‍വഹിക്കാനുള്ള കഴിവ് ഷാനവാസിനുണ്ടായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ഷാനവാസ്, ദൃശ്യമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പോകുന്നവര്‍ക്ക് ഒരു മാതൃകയായിരുന്നു അദ്ദേഹം. നിലവിലുള്ള കൂറുമാറ്റ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
ഒരു പാര്‍ട്ടിയില്‍ നിന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നവര്‍ക്ക് ആ പാര്‍ട്ടിയില്‍ സ്ഥാനം നല്കുമ്പോള് ഒരു സമയപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാടിനെ യുഡിഎഫിന്റെ കോട്ടയായി മാറ്റിയത് എം.ഐ. ഷാനവാസായിരുന്നുവെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു.
സാമൂഹിക നീതിക്കുവേണ്ടി നിലകൊണ്ട നേതാവായിരുന്നു ഷാനവാസ്. തികഞ്ഞ ചരിത്രബോധത്തോടുകൂടി ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഹസന് ഓര്‍മിപ്പിച്ചു. സമിതി ചെയര്മാന് ആര്. പുരുഷോത്തമന് നായര്‍ അധ്യക്ഷത വഹിച്ചു.
ജി. സുബോധന്‍, കരകുളം കൃഷ്ണപിള്ള, പി.കെ. വേണുഗോപാല്‍, ജോണ്‍ വിനേഷ്യസ്, എം അന്‍സാര്‍, പി.വി. ജോയ്, ഡോ. ഇ. വത്സലകുമാര്‍, ഹസീബ് ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.