കണ്ടല സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി
1481186
Friday, November 22, 2024 7:23 AM IST
കാട്ടാക്കട : കണ്ടല സർവീസ് സഹകരണ ബാങ്കിൽ ഇന്നലെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബുധനാഴ്ച എത്തിയതിന് പിന്നാലെയാണ് ഇന്നലെയും ഇഡി വീണ്ടും പരിശോധന നടത്തിയത്.
കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് ഇഡി അധികൃതർ കണ്ടല ബാങ്കിലും മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ വീട്ടിലും പരിശോധന നടത്തിയത്. തുടർന്ന് ഇഡി അറസ്റ്റു ചെയ്ത ഭാസുരാംഗനും മകനും ഇപ്പോഴും ജയിലിലാണ്.
രാവിലെ കൊച്ചിയിൽ നിന്നെത്തിയ ഇഡി അധികൃതർ ബാങ്കിന്റെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടു. നിക്ഷേപകരുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധനയ്ക്കു ലഭ്യമാക്കണമെന്നും ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബാങ്കിൽനിന്നു നിക്ഷേപം തിരികെ ലഭിക്കാത്തവരോട് ഇഡിക്കു മുന്നിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.
മാറനല്ലൂർ പോലീസിൽ പരാതി നൽകിയ 64 നിക്ഷേപകരെയാണ് ആദ്യഘട്ടത്തിൽ ഇഡി പരിശോധനയ്ക്കായി വിളിപ്പിച്ചത്. ഈ രേഖകൾ ഇന്നലെ പരിശോധിച്ചു. നാളെ ഇവരുടെ നിക്ഷേപക്കണക്കുൾപ്പെടെ ഇഡി പരിശോധിക്കും. നിക്ഷേപവുമായി ബന്ധമുള്ള മുഴുവൻ രേഖകളും ഹാജരാക്കാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ പരിശോധന നടന്ന് ഒരു വർഷത്തിനു ശേഷമാണ് കണ്ടലയിലേക്ക് വീണ്ടും ഇഡി എത്തുന്നത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ബാങ്കിന്റെ പ്രവർത്തനം. ബാങ്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് ഇതുവരെ തുക മടക്കിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല.