നാട്ടാനകളുടെ സുരക്ഷ ഉറപ്പാക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ
1480705
Thursday, November 21, 2024 3:02 AM IST
പേരൂര്‍ക്കട: നാട്ടാനകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു മന്ത്രി എ.കെ ശശീന്ദ്രന്. നാട്ടാന പരിപാലനം സംബന്ധിച്ച് 2023-ലെ കേരള ക്യാപ്റ്റീവ് എലിഫന്റ് കരടു ചട്ടത്തിന്മേലുള്ള ചര്‍ച്ച പിടിപി നഗര്‍ ഫോറസ്ട്രി ട്രെയിനിംഗ് കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആനകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഉദ്യോഗസ്ഥരെ പോലെ ആന ഉടമസ്ഥരും, ആനഉടമ സംഘടനകളും വിശാലമായ നിലപാട് സ്വീകരിക്കണം. പരിസ്ഥിതി പ്രവര്‍ത്തകര്‍ വനം-വന്യജീവി പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷതയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനംമേധാവി ഗംഗാസിംഗ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ രാജേഷ് രവീന്ദ്രന്, ഡോ. പി. പുകഴേന്തി, ഡോ. എല്‍. ചന്ദ്രശേഖര്‍, ഡോ. ജസ്റ്റിന് മോഹന്‍, ഡോ. സഞ്ജയന് കുമാര്‍ പങ്കെടുത്തു.