പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യംവെക്കുന്ന ലഹരി വിൽപ്പന സംഘം
1480500
Wednesday, November 20, 2024 5:58 AM IST
കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ലഹരിവിൽപ്പന സംഘങ്ങൾ വർധിക്കുന്നതായി നാട്ടുകാർ. പ്രദേശത്ത് ലഹരിമാഫിയാ സംഘം പിടിമുറുക്കിയതായും പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യം വെക്കുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
കഞ്ചാവ് വിൽപ്പനയും ഉപയോഗവും അതിനു പിന്നാലെയുള്ള ആക്രമണങ്ങളും തുടർകഥയായി മാറിയിട്ടും അനേ്വഷണം നടത്താനോ അത് അവസാനിപ്പിക്കാണോ അധിക്യതർ ശ്രമം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം കോട്ടൂരിൽ യുവാക്കൾ റോഡിൽ തമ്മിൽതല്ലി പ്രതികാരം തീർത്തിരുന്നു. പ്രദേശത്ത് ലഹരിക്കച്ചവടം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗംപേരും തിരികെയെത്തി വീണ്ടും ലഹരിവിൽപ്പന നടത്തുന്നതായി പോലീസും പറയുന്നു.
കുറ്റിച്ചൽ, മന്തിക്കളം, കള്ളിയൽ, നെല്ലിക്കുന്ന്, കോട്ടൂർ, കാപ്പുകാട് എന്നിവിടങ്ങളിൽ വൻതോതിലാണ് ലഹരികച്ചവടം നടക്കുന്നതെന്ന് ഇന്നലെ പിടിയിലായവരിൽ ഒരാൾ പോലിസിനോട് പറഞ്ഞിരുന്നു.
ലഹരി വസ്ഥുക്കൾ ആവശ്യപ്പെട്ട് ദൂരദേശങ്ങളിൽ നിന്നുംവരെ ആവശ്യക്കാർ എത്തുന്നതായാണ് പിടിയിലായവർ പറയുന്നത്. സാമൂഹിക മാധ്യമ ഗ്രൂപ്പുകൾ വഴിയാണ് കച്ചവടം നടത്തുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു.
കുറ്റിച്ചൽ പഞ്ചായത്തിൽ മാത്രം ദിവസങ്ങൾക്കിടയിൽ 20 ലേറെ ആക്രമണങ്ങളാണ് ലഹരിമാഫിയാ സംഘം നടത്തിയത്. സംഭവത്തിൽ അധികൃതർ അന്വേഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്വന്തം ലേഖകൻ