കയറ്റിറക്ക് തൊഴിലാളികൾ തുടർ പ്രക്ഷോഭത്തിലേയ്ക്ക്: ഐഎൻടിയുസി
1481180
Friday, November 22, 2024 7:10 AM IST
തിരുവനന്തപുരം: കയറ്റിറക്ക് മേഖലയിൽ തൊഴിലെടുക്കുന്ന ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക,
സ്കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ ക്ഷേമനിധി രജിസ്ട്രേഷൻ പുനരാരംഭിക്കുക, ഇഎസ്ഐ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐഎൻടിയുസി നേതൃത്വത്തിലുള്ള ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ലേബർ കമ്മീഷ്ണർ ആഫീസിനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരം ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.
വാതിൽപ്പടി റേഷൻ വിതരണ മേഖല, ബെവ്കോ ഗോഡൗണുകൾ തുടങ്ങിയ ഇടങ്ങളിലെ കൂലി വർധന നടപ്പാക്കുന്നതുൾപ്പടെ ചുമട്ടുതൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾക്കു സർക്കാർ ശാശ്വത പരിഹാരമുണ്ടാക്കിയില്ലെങ്കിൽ നേരത്തെ ഉപസമിതി ഓഫീസുകൾക്കു മുന്നിലും ഇപ്പോൾ ജില്ലാ ഓഫീസുകൾക്കുമുന്നിലും നടത്തിയ സമരത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുൾപ്പെടെ തുടർ സമരമാരംഭിക്കുമെന്നും ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞു.
ഹെഡ് ലോഡ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു.
വി.ജെ. ജോസഫ്, കെ.പി. തമ്പി കണ്ണാടൻ, മലയം ശ്രീകണ്ഠൻ നായർ, വെട്ടുറോഡ് സലാം, എം.എസ്. താജുദ്ദീൻ, അഡ്വ. ജലിൻ ജയരാജ്, പി.ജി. സുരേന്ദ്രൻ, പള്ളിക്കൽ നിസാർ, വി. ലാലു, അരുവിയോട് സുരേന്ദ്രൻ, കെ.എം. അബ്ദുൽ സലാം, എ. നൗഷാദ് ഖാൻ, കുന്നട അജിത്, പുത്തൻ പള്ളി നിസാർ, യു. പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.