നിക്ഷേപ തട്ടിപ്പ് കേസ്: സഹകരണസംഘം പ്രസിഡന്റ് റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ
1480712
Thursday, November 21, 2024 3:02 AM IST
കാട്ടാക്കട : നിക്ഷേപത്തട്ടിപ്പിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ സഹകരണസംഘം പ്രസിഡന്റിനെ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി സഹകരണസംഘം പ്രസിഡന്റായിരുന്ന മുണ്ടേല മോഹനനാണ് മരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംഘത്തിൽ 34 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കണ്ടലയ്ക്കും നേമത്തിനും ശേഷം തിരുവനന്തപുരം ജില്ലയിൽ നടന്ന വലിയ അഴിമതിയെന്ന ആരോപണം നേരിടുന്നതാണ് മുണ്ടേല സഹകരണസംഘം.
ഭരണസമിതി മുൻപ്രസിഡന്റും പ്രദേശിക കോൺഗ്രസ് നേതാവുമായ മോഹനകുമാരൻ നായർ എന്ന മുണ്ടേലമോഹനനെ കേന്ദ്രീകരിച്ചാണ് ആരോപണങ്ങളത്രയും ഉയർന്നത്. അമ്പൂരിക്ക് സമീപം കൊണ്ടകെട്ടി മലയോട് ചേർന്ന് അദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച റിസോർട്ടിലെത്തിയ മോഹനനെ ഇന്നലെ രാവിലെ ജീവനക്കാരാണ് മേൽക്കൂരയിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് സഹകരണസംഘം ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉയർന്നത്.
പണം കിട്ടാതെ വന്നതോടെ ഇവിടെ നിക്ഷേപകർ പ്രതിഷേധത്തിലാണ്. സഹകരണ റജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 34 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി.
പ്രസിഡന്റ് ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾ ബിനാമി പേരിൽ വായ്പയെടുത്ത് കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ഭരണസമിതിയെ പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റർ ഭരണം ഏൽപ്പിക്കുകയും ചെയ്തു. മോഹനനെ രണ്ടാം പ്രതിയാക്കി 31 കേസുമെടുത്തതോടെയാണ് ഒളിവിൽ പോയത്. തമിഴ്നാട്ടിലടക്കം ഒളിവിൽ കഴിഞ്ഞ ശേഷം റിസോർട്ടിലെത്തി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. സുധാകുമാരിയാണ് ഭാര്യ.
ആത്മഹത്യാ കുറിപ്പിൽ സിപിഎം നേതാവിന്റെ പേരും
കാട്ടാക്കട : മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ ആത്മഹത്യാക്കുറിപ്പിൽ സിപിഎം നേതാവിന്റെ പേര്. സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെയാണ് പരാമർശം.
ബാങ്കിനെതിരെ ശശി ഉൾപ്പെടെയുള്ളവർ തെറ്റിദ്ധാരണ പരത്തിയെന്നും ജനങ്ങളെ ഇളക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. ഇതാണ് പ്രതിസന്ധിക്കു ഇടയാക്കിയതെന്നു ആത്മഹത്യ കുറിപ്പിൽ ഉണ്ടെന്നു മോഹനന്റെ സഹോദരൻ ശശിധരൻ നായർ പറഞ്ഞു.
ബാങ്ക് ക്രമക്കേട് പുറത്തു വന്നതിനു പിന്നാലെ മോഹനൻ ഒളിവിൽ ആയിരുന്നു. ഇന്നലെ രാവിലെയാണ് മോഹനനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.