തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവം: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി സ്വാഗതസംഘ യോഗം
1480699
Thursday, November 21, 2024 3:02 AM IST
ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര :നെയ്യാറ്റിന്‍കരയില്‍ 25 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ഇന്നലെ ചേര്‍ന്ന സ്വാഗതസംഘ യോഗം വിലയിരുത്തി.
വിധിനിര്‍ണയത്തില്‍ അപാകതകള്‍ വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കലോത്സവം കാണികളുടെ പങ്കാളിത്തത്താലും വിജയപ്രദമാക്കാന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അഭിപ്രായപ്പെട്ടു.
കലോത്സവ വേദികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര് സലൂജ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയ സുരേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ.ജോസ് ഫ്രാങ്ക്ളിന്, കൗണ്‍സിലര്‍ മഞ്ചന്തല സുരേഷ്, തിരുവനന്തപുരം ഡിഡിഇ ഇന്‍ ചാര്‍ജ് ആര്. ഷീജ, ആര്‍ഡിഡി കെ.സുധ എന്നിവര്‍ സംബന്ധിച്ചു.
കലോത്സവം നടത്തിപ്പിന് 35 ലക്ഷം, ഖജനാവ് കാലി
നെയ്യാറ്റിന്‍കര: റവന്യൂ ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിന് 35 ലക്ഷം രൂപയുടെ ബജറ്റാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം ഡിഡിഇ ഇന്‍ ചാര്‍ജ് ആര്.ഷീജ അറിയിച്ചു.
പ്രോഗ്രാം, ഫുഡ് എന്നീ കമ്മിറ്റികള്‍ക്കാണ് കൂടുതല്‍ തുക ചെലവാകുന്നത്. പതിനാറ് സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഓരോ സബ് കമ്മിറ്റിയുടെയും ചുമതല ഓരോ അധ്യാപക സംഘടനകള്‍ക്കാണ്. പതിനഞ്ച് വേദികളിലായാണ് അഞ്ചു ദിവസത്തെ കലോത്സവം അരങ്ങേറുന്നത്. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പ്രധാന വേദി. ഊട്ടുപുര ക്രമീകരിക്കുക ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്.
ഇവയ്ക്കു പുറമേ ഗവ. ജെബിഎസ്, സെന്റ് ഫിലിപ്പ് ഹൈസ്കൂള്‍, ഗവ.ടൗണ്‍ എല്‍പിഎസ്, സെന്റ് തെരേസാസ് കോണ്‍വെന്റ് സ്കൂള്‍, ശ്രീവിദ്യാധിരാജ സ്കൂള്‍ എന്നീ വിദ്യാലയങ്ങളിലും സ്വദേശാഭിമാനി ടൗണ്‍ ഹാള്‍, എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയം, നഗരസഭ അനക്സ് ഹാള്‍ എന്നിവിടങ്ങളിലും മത്സരവേദികളുണ്ട്. ആദ്യ ദിനത്തില്‍ 1250 മത്സരാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്.
1950, 2700, 1900 എന്നിങ്ങനെയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് ദിനങ്ങളില്‍ മേളയ്ക്കെത്തുന്ന മത്സരാര്‍ഥികളുടെ എണ്ണം. ജില്ലയിലെ മൂന്നു ഡിഇഒ മാരുടെയും അപ്പീല്‍ ഫയല്‍ ലഭ്യമാകാത്തതിനാല്‍ നിലവിലുള്ള കണക്കില്‍ വ്യത്യാസം വരാനുള്ള സാധ്യതയുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 29ന് മത്സരങ്ങളില്ല.
സമാപന സമ്മേളനവും സമ്മാനദാനവുമാണ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്ന 16 സബ് കമ്മിറ്റികള്‍ക്കുമുള്ള വിഹിതം നല്‍കുന്നതിലെ നിസഹായവസ്ഥ ഫിനാന്‍സ് കമ്മിറ്റി ഭാരവാഹികള്‍ യോഗത്തില്‍ വ്യക്തമാക്കി.
ക്യൂഒഴിവാക്കി ഭക്ഷണവിതരണം വിതരണം ചെയ്യുന്ന വ്യവസ്ഥയാണ് ക്രമീകരിക്കുകയെന്ന് ഫുഡ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഊട്ടുപുര ഒരുക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തലേന്നാള്‍ തന്നെ എല്ലാ വേദികളിലെയും ശബ്ദ- വെളിച്ച ക്രമീകരണം പൂര്‍ത്തിയാക്കുമെന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി ഭാരവാഹികള്‍ യോഗത്തില്‍ ഉറപ്പ് നല്കി.
ഹരിത കലോത്സവം
നെയ്യാറ്റിന്‍കര : റവന്യൂ ജില്ലാ കലോത്സവം ഹരിത കലോത്സവമായിരിക്കണമെന്ന ശുചിത്വ മിഷന്റെ നിര്‍ദേശം പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. ഡിസ്പോസിബിള്‍ കപ്പുകള്‍ ഒഴിവാക്കുക മാത്രമല്ല, മത്സരാര്ഥികളും മറ്റും പുറത്തു നിന്നും കൊണ്ടു വരാനിടയുള്ള മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗശേഷം നിക്ഷേപിക്കാന്‍ ബോട്ടില്‍ ബൂത്തുകള്‍ എല്ലാ വേദികളിലും സജ്ജമാക്കണമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടു വച്ചു.
നാഷണല്‍ സര്‍വീസ് സ്കീം സ്കൂള്‍ യൂണിറ്റ് വോളണ്ടിയര്‍മാരെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും ഗ്രീന്‍ ആര്‍മി ലേബലില്‍ കലോത്സവം ഹരിത കലോത്സവമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും ഹരിതകര്‍മസേനയുടെ സേവനം വേദികളില്‍ സാധ്യമാക്കണമെന്നും പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു. സമാപന ദിവസത്തെ സമ്മാനദാന ചടങ്ങില്‍ ഓവറോള്‍ ട്രോഫിയുള്‍പ്പെടെ 32 ട്രോഫികള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളു. മേളയുടെ ഓരോ ദിവസവും അരങ്ങേറുന്ന മത്സരങ്ങളിലെ ജേതാക്കള്‍ക്ക് അതാത് ദിനത്തില്‍ തന്നെ ട്രോഫി സമ്മാനിക്കും. സമ്മാനദാന ചടങ്ങിനായി പ്രത്യേക ട്രോഫി പവലിയന് തയാറാക്കുമെന്നും ട്രോഫി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വൈദ്യുതി നിയന്ത്രണവും കുടിവെള്ള ക്ഷാമവും അരുത്
നെയ്യാറ്റിന്‍കര : റവന്യൂ ജില്ലാ കലോത്സവത്തിന്റെ വേദികളില്‍ വൈദ്യുതി ബന്ധം നിലയ്ക്കാതിരിക്കാനും കുടിവെള്ളം മുഴുവന്‍ സമയവും ലഭ്യമാകാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മേളയുടെ വര്‍ക്കിംഗ് ചെയര്മാന് കൂടിയായ നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് നിര്‍ദേശിച്ചു.യോഗത്തില്‍ പങ്കെടുത്ത കെ.എസ്.ഇ.ബി യുടെ പ്രതിനിധി നെയ്യാറ്റിന്‍കര ഇലക്ട്രിക്കല്‍ സെക്ഷന്റെ പിന്തുണ അറിയിച്ചു. എന്നാല്‍ അറിയിപ്പ് നല്‍കിയിട്ടും ജല അതോറിറ്റി, ആരോഗ്യ വകുപ്പ് മുതലായവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ലായെന്ന് ആക്ഷേപമുണ്ട്.