നവരാത്രി വിഗ്രഹങ്ങള്‍ക്ക് അതിര്‍ത്തിയില്‍ വരവേല്പ്
1458610
Thursday, October 3, 2024 4:38 AM IST
പാറശാല: നവരാത്രി വിഗ്രഹങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തിയില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ് നൽകി. ഇന്നലെ രാവിലെ കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍നിന്നു യാത്ര തിരിച്ച വിഗ്രഹഘോഷയാത്രയ്ക്ക് കളിയിക്കാവിള അതിര്‍ത്തിയില്‍ സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. എ. ഗണേശന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സി കെ. ഹരീന്ദ്രന്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍മന്ത്രി വി.എസ് ശിവകുമാര്‍, കെപിസിസി സെക്രട്ടറി ഡോ. ആര്. വത്സലനൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ഡാര്‍വിന്‍,
പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍.വി. അജയകുമാര്‍, നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വീകരണത്തിനുശേഷം ഇരുസംസ്ഥാനങ്ങളിലെയും പോലീസ് സേനകള്‍ ഘോഷയാത്രയ്ക്കു ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. വിഗ്രഹ ഘോഷയാത്ര ദര്‍ശിക്കാന്‍ രാവിലെ തന്നെ റോഡിനു ഇരുവശവും വന്‍ ജനാവലി കാത്തുനിന്നിരുന്നു.
തട്ടം നിവേദ്യങ്ങള്‍ സ്വീകരിച്ച് അതിര്‍ത്തി കടന്ന ഘോഷയാത്ര പാറശാല മഹാദേവ ക്ഷേത്രത്തില്‍ വിശ്രമത്തിനു ശേഷം 3.30 ഓടെ നെയ്യാറ്റിന്‍കരയ്ക്കു യാത്ര തിരിച്ചു. രാത്രിയോടെ നെയ്യാറ്റിന്‍കര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിയ ഘോഷയാത്ര രാത്രിവിശ്രമത്തിനു ശേഷം ഇന്നു രാവിലെ നഗരത്തിലേക്കു തിരിക്കും.
നഗരാതിര്‍ത്തിയായ കരമനയില്‍നിന്നു സ്വീകരണശേഷം സരസ്വതി ദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും, കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കു ഇരുത്തും.
നവരാത്രി വിഗ്രഹങ്ങള്‍ നെയ്യാറ്റിന്‍കരയില്‍
നെയ്യാറ്റിന്‍കര : അനന്തപുരിയിലെ നവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പത്മനാഭപുരം കൊട്ടാരത്തില്‍നിന്നും എഴുന്നള്ളുന്ന സരസ്വതി ദേവിയും പരിവാരങ്ങളും ഇന്നലെ രാത്രിയോടെ നെയ്യാറ്റിന്‍കരയിലെത്തി.
കൃഷ്ണപുരം ഗ്രാമം ജംഗ്ഷനില്‍ നഗരസഭയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കെ. ആന്‍സലന്‍ എംഎല്‍എ, നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന്, കൗണ്‍സിലര്‍മാരായ ഷിബുരാജ് കൃഷ്ണ, എസ്.പി. സജിന്‍ലാല്‍, ഗ്രാമം പ്രവീണ്‍, പി.എസ്. ലക്ഷ്മി, വടകോട് അജി, പെരുന്പഴുതൂര്‍ ഗോപന്, മുതലായവര്‍ പങ്കെടുത്തു.
പത്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ടിലെ സരസ്വതിദേവി, വേളിമലയിലെ കുമാരസ്വാമി, ശുചീന്ദ്രത്തെ മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് ഘോഷയാത്രയായി തിരുവനന്തപുരത്തേയ്ക്ക് എഴുന്നള്ളുന്നത്. കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ സൂക്ഷിച്ചിരിക്കുന്ന ഉടവാള് നവരാത്രി വിഗ്രഹ ഘോഷയാത്രയില്‍ അകന്പടി സേവിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര ക്ഷേത്ര ത്തിൽ വിശ്രമിക്കുന്ന വിഗ്രഹങ്ങള്‍ ഇന്ന് യാത്രതുടരും.