ചാടിപ്പോയ കുരങ്ങുകളിൽ രണ്ടെണ്ണം പിടിയിൽ
1458307
Wednesday, October 2, 2024 6:24 AM IST
തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നു ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണത്തിനെ പിടികൂടി. ഇന്നലെ വൈകുന്നേരമാണ് രണ്ടു കുരങ്ങുകളേയും പിടികൂടിയത്. ഇവയുടെ കൂടിനു സമീപത്തായി ഭക്ഷണംവച്ചപ്പോൾ അതു കഴിക്കാനെത്തിയ ഒരു കുരങ്ങിനെയാണ് ആദ്യം മൃഗശാല അധികൃതർ പിടിച്ചത്. മരക്കൊന്പിൽ ഇരിക്കുകയായിരുന്ന മറ്റൊരു കുരങ്ങിനെ മരത്തിൽ കയറിയാണ് പിടികൂടിയത്. കഴിഞ്ഞ വർഷം മൃഗശാലയിൽനിന്നും പുറത്തു ചാടി ആഴ്ച്ചകളോളം കറങ്ങി നടന്ന കുരങ്ങായിരുന്നു ഇത്.
തിരുപ്പതിയിൽനിന്നും കഴിഞ്ഞ ജൂണിലെത്തിച്ച കുരങ്ങ് ഇത് രണ്ടാം തവണയാണ് ചാടിപ്പോയത്. മരത്തിൽ ഇരുന്ന ഈ കുരങ്ങ് എങ്ങോട്ടും രക്ഷപെടാൻ ശ്രമം നടത്താത്തതിനെ തുടർന്ന് മൃഗശാല ജീവനക്കാർ മരത്തിൽ കയറിയാണ് ഇതിനെ പിടിച്ചത്. ഒരു കുരങ്ങിനെക്കൂടിയാണ് ഇനി പിടികൂടാനുള്ളത്.
ഇന്നു രാവിലെ തന്നെ അതിനെ പിടിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നു മൃഗശാല അധികൃതർ വ്യക്തമാക്കി. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നും കൊണ്ടുവന്ന ഒരു കുരങ്ങും ഹരിയാനയിലെ റോത്തക് മൃഗശാലയിൽ നിന്നുമെത്തിച്ച രണ്ടു കുരങ്ങുകളുമാണ് കഴിഞ്ഞ ദിവസം ചാടിപ്പോയത്.