മണ്ണിനടിയിലായ തൊഴിലാളിയുടെ ജീവന് രക്ഷിച്ച് നാട്ടുകാരും ഫയര്‍ഫോഴ്സും
1454112
Wednesday, September 18, 2024 6:24 AM IST
നെയ്യാറ്റിന്‍കര : മണ്ണിനടിയില്‍ അകപ്പെട്ട തൊഴിലാളിയുടെ ജീവന് രക്ഷിക്കാനായ ചാരിതാര്‍ഥ്യത്തോടെ നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം. ജീവന് തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ തൊഴിലാളി ശൈലന്.
ആനാവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം കീഴോട്ടുകോണത്ത് ഒരു തൊഴിലാളി മണ്ണിനടിയില്‍ അകപ്പെട്ടുവെന്ന വിവരം നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റില്‍ അറിയുന്നത് ഇന്നലെ ഉച്ചയ്ക്ക് 12.35 ഓടെയാണ്.
യൂണിറ്റംഗങ്ങള്‍ സുസജ്ജരായി അതിവേഗം സംഭവസ്ഥലത്തെത്തി. ഫാക്ടറി നിര്‍മാണത്തിന്റെ ഭാഗമായി പുരയിടത്തിലെടുത്ത ഇരുപത് അടിയിലധികം ആഴത്തില്‍ ജെസിബി യുടെ സഹായത്തോടെ എടുത്ത കുഴിയിലാണ് തൊഴിലാളി അകപ്പെട്ടിരുന്നത്. ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം സ്ഥലത്തെത്തുന്പോള്‍ തൊഴിലാളിയുടെ അരയോളം ഭാഗം വരെ മണ്ണ് നീക്കിയിരുന്നു. തുടര്‍ന്ന് ടീം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.
കുഴിയിലേയ്ക്ക് വീണ്ടും മണ്ണ് മുകളില്‍ നിന്നും വീഴാനുള്ള അപകട സാധ്യത കണക്കിലെടുത്ത് ജെസിബി യുടെയും ഹിറ്റാച്ചിയുടെയും സേവനം അവിടെ നിന്നും താത്കാലികമായി ഒഴിവാക്കി. യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മണ്ണ് ഉലച്ചിലുണ്ടായാല്‍ മുകളില്‍ നിന്നും കൂടുതല്‍ ശക്തിയോടെ തൊഴിലാളിയുടെ മുകളിലേയ്ക്ക് മണ്ണ് വീണേക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
തുടര്‍ന്ന് കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന തേപ്പ് കരണ്ടി ഉപയോഗിച്ച് ടീം അംഗങ്ങള്‍ തൊഴിലാളിയുടെ ചുറ്റുമുള്ള മണ്ണ് പതിയെ നീക്കം ചെയ്തു തുടങ്ങി. ഒന്നര മണിക്കൂറോളം നേരത്തെ വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെ ഫലമായി മണ്ണ് പൂര്‍ണമായി മാറ്റി തൊഴിലാളിയെ പുറത്തെടുത്തു.
അദ്ദേഹത്തെ സ്ട്രച്ചറില്‍ വാഹനത്തിലേയ്ക്ക് മാറ്റി. വാരിയെല്ലിന് നേരിയ പരിക്ക് സംഭവിച്ചതിനാല്‍ തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വലിയ ഉറപ്പില്ലാത്ത മണ്ണായതിനാല്‍ രക്ഷാപ്രവര്‍ത്തനം സാഹസികമായിരുന്നു. മണ്ണ് വീണ്ടും വീഴുകയാണെങ്കില്‍ തൊഴിലാളിയുടെ ജീവന് തീര്‍ച്ചയായും അപകടത്തിലായേക്കുമോ എന്ന ആശങ്ക ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമിനെന്നതു പോലെ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയ മറ്റു തൊഴിലാളികള്‍ക്കും ഓടിക്കൂടിയ നാട്ടുകാര്‍ക്കുമുണ്ടായിരുന്നു.
അക്കാര്യം ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം അവരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തന ചുമതല ടീം പൂര്‍ണമായും ഏറ്റെടുത്തത്. യൂണിറ്റ് സ്റ്റേഷന് ഓഫീസര്‍ രൂപേഷ്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ രാജശേഖരന്, ഫയര്മാന്മാരായ അരുണ്‍, മനുമോഹന്‍, അഖിലേഷ്, അനി, സന്തോഷ്, ഷിജു,
ഹോം ഗാര്‍ഡുകളായ വനജകുമാര്‍, സജികുമാര്‍, രാജശേഖരന് എന്നിവര്‍ അടങ്ങിയതായിരുന്നു ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം. മുന്‍പ് പനവിളയിലും ഇത്തരത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ട അതിഥി തൊഴിലാളിയെ പുറത്തെടുക്കാന്‍ സമാനമായ രക്ഷാപ്രവര്‍ത്തനം ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം നടത്തിയിട്ടുണ്ട്.
ആലത്തൂര്‍ സ്വദേശി ശൈലന് (63) ആണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം അംഗങ്ങളുടെയും പരിശ്രമത്താല്‍ ജീവിതം തിരിച്ചു പിടിച്ചത്. ഇരുപതടിയോളം ആഴമുള്ള കുഴിയിലിറങ്ങി നിന്നാണ് ഷൈലന്‍ അവിടം വെടിപ്പാക്കല്‍ തുടര്‍ന്നത്. അതേ പുരയിടത്തില്‍ കെട്ടിട നിര്‍മാണ സംബന്ധമായ മറ്റു പ്രവൃത്തികളും നടക്കുന്നുണ്ടായിരുന്നു.
ശൈലന്റെ മുകളിലേയ്ക്ക് മേല്ഭാഗത്തു നിന്നും മണ്ണിടിഞ്ഞ് പതിച്ചത് തുടക്കത്തില്‍ ആരുടെയും ശ്രദ്ധയില്പ്പെട്ടിരുന്നില്ലായെന്നും ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം ചൂണ്ടിക്കാട്ടി. ശൈലന്റെ കൈ മണ്ണില്‍ നിന്ന് മുകളിലേയ്ക്ക് ഉയര്‍ന്ന് കാണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സഹതൊഴിലാളികള്‍ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാനാരംഭിച്ചു.
അദ്ദേഹത്തിന്റെ ശരീരത്തിന്റെ അര ഭാഗത്തോളം ആയപ്പോഴേയ്ക്കും നെയ്യാറ്റിന്‍കരയില്‍ നിന്നും ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം യൂണിറ്റ് സംഭവസ്ഥലത്തെത്തി. ഒന്നര മണിക്കൂറോളം മണ്ണിലകപ്പെട്ടു നിന്ന മനുഷ്യജീവിതത്തെ ജീവനോടെ പുറത്തെത്തിക്കാനായതിന്റെ ആശ്വാസത്തിലാണ് ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം അംഗങ്ങള്‍.