നമുക്കായ് ഒരു ഹരിതവീഥി പദ്ധതി
1452231
Tuesday, September 10, 2024 6:36 AM IST
നെടുമങ്ങാട്: മാലിന്യ കൂമ്പാരമായിരുന്ന പൈപ്പ് ലൈൻ റോഡ് ശുചീകരിക്കാൻ കരകുളം പഞ്ചായത്ത് നടപ്പിലാക്കിയ "നമുക്കായ് ഒരു ഹരിതവീഥി' പദ്ധതി മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനംചെയ്തു. വിവിധ തരം ജമന്തികൾ, വാടാമല്ലി, മുല്ല എന്നിവയാണ് വിളവെടുപ്പിനു തയാറായി ഇവിടെ നിൽക്കുന്നത്. വഴയില മുതൽ എട്ടാംകല്ല് വരെയുള്ള പൈപ്പ് ലൈനിലാണ് രണ്ടര ഏക്കറോളം സ്ഥലത്തു പൂവും പച്ചക്കറിയും കൃഷി ചെയ്തത്.
വിവിധ പ്രദേശങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകൾ കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, കർഷകർ, തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാലനം നടന്നത്.
ഓണത്തിനു മുന്നോടിയായി പച്ചക്കറിയും പൂക്കളും വിപണിയിലെത്തും. വിളവെടുപ്പ് വഴയില ജംഗ്ഷനിലെ പൈപ്പ് ലൈനിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, വി. രാജീവ്, പി ഉഷാകുമാരി, ടി. ഗീത, അശ്വതി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.