ക്വട്ടേഷന്‍ സംഘത്തിലെ മൂന്നാംപ്രതി പിടിയില്‍
1450824
Thursday, September 5, 2024 6:45 AM IST
പേരൂര്‍ക്കട: യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ സംഘത്തിലെ ഒരാളെക്കൂടി മണ്ണന്തല പോലീസ് പിടികൂടി. മെഡിക്കല്‍കോളജ് സ്വദേശി ജിജു (35) ആണ് പിടിയിലായത്. ഇയാള്‍ മൂന്നാംപ്രതിയാണ്. ഒന്നാംപ്രതി നെടുമങ്ങാട് സ്വദേശി സന്തോഷ്കുമാര്‍ (55), രണ്ടും നാലും പ്രതിക ള്‍ മെഡിക്കല്‍ കോളജ് സ്വദേശികളായ സ്വര്‍ണ്ണപ്പല്ലന്‍ എന്ന മനു (35), സൂരജ് (25)എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
സന്തോഷ്കുമാറാണു നെടുമങ്ങാട് സ്വദേശിയും വട്ടപ്പാറയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനുമായ അനിരുദ്ധിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. സന്തോഷിന്റെ മകളും യുവാവും തമ്മില്‍ അടുപ്പത്തിലാകുകയും ഇതിനിടെ മകള്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായിരുന്നു.
അതിനു കാരണം അനിരുദ്ധാണെന്നാരോപിച്ച്, പ്രതികാരമെന്നോണമാണ് ഇയാള്‍ ഗുണ്ടയായ മനുവിനു ക്വട്ടേഷന്‍ നല്‍കിയത്. ജൂലൈ അവസാന വാരം വിവിധ സ്ഥലങ്ങളില്‍ വച്ച് പ്രതികള്‍ അനിരുദ്ധിനെ കാറിടിച്ചും ബൈക്കിടിച്ചും അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നാലുദിവസം ചികിത്സയിലായിരുന്നു. ജിജുവിനെ മണ്ണന്തല സി.ഐയും സംഘവുമാണ് അറസ്റ്റുചെയ്തത്.