റഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ പ്ലാന്റ് തലസ്ഥാനത്ത് തരംതിരിക്കാൻ കഴിയാത്ത മാലിന്യം കത്തിച്ച് ഇന്ധനമാക്കും
1443695
Saturday, August 10, 2024 6:34 AM IST
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിനു നൂതന സാങ്കേതിക വിദ്യയുമായി തലസ്ഥാനത്തു റഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ പ്ലാന്റ് (ആർഡിഎഫ്) സജ്ജമായി. ഇനി മുതൽ തരം തിരിക്കാൻ കഴിയാത്ത മാലിന്യം ഈ പ്ലാന്റിലൂടെ കത്തിച്ച് ഇന്ധനമാക്കും. ദിനംപ്രതി ഓരോ ടണ്‍ മാലിന്യം പ്ലാന്റിൽ സംസ്്കരിക്കാം. സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ചാണു തിരുവനന്തപുരം നഗരസഭ ചാലയിൽ ട്രിഡ കോംപ്ലക്സിനടുത്തുള്ള നഗരസഭയുടെ സ്ഥലത്തു പ്ലാന്റ് സ്്ഥാപിച്ചത്.
ഇപ്പോൾ രണ്ടു ആർഡിഎഫ് പ്ലാന്റുകളാണു വാങ്ങിയത്. പൈറോലിസിസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ ഒരുസമയം 40 കിലോ ഗ്രാം മാലിന്യം നിക്ഷേപിക്കാം. 15 മിനിറ്റിനകം ഇന്ധനം ലഭിക്കും. സിമന്റ് ഫാക്ടറികളിൽ അവശ്യ വസ്തുവായി ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ ഇന്ധനം.
ന്യൂഡൽഹിയിലുള്ള കോഗോ എന്ന കന്പനിയാണ് 15 ടണ്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. രണ്ടരക്കോടി രൂപയാണു പ്ലാന്റിന്റെ ആകെ ചിലവ്. കന്പനി തന്നെയാണു പ്ലാന്റിന്റെ പണം മുടക്കുന്നത്.
പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ഇന്ധനം വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണം കന്പനിക്കു ലഭിക്കും. നാലു മാസത്തെ പരീക്ഷണ നടത്തിപ്പിനു ശേഷം കോർപറേഷനുമായി വരുമാനത്തിന്റെ കാര്യത്തിൽ കരാർ ഉണ്ടാക്കും.
പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ മാലിന്യം കോർപറേഷനാണ് എത്തിച്ചു നൽ ക്കുക. ചാലയ്ക്കു പുറമെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ മണക്കാട് റിസോഴ്സ് റിക്കവറി സെന്ററിൽ 15 ടണ്‍ മാലിന്യം സംസ്കരിക്കാവുന്ന പ്ലാന്റും സ്ഥാപിക്കും.
ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇന്നലെ മന്ത്രി എം.ബി. രാജേഷ് ചാലയിൽ യന്ത്രത്തിന്റെ ട്രയൽ റണ്‍ നടത്തി. മേയർ ആര്യ രാജേന്ദ്രൻ പങ്കെടുത്തു.