ഒ.എസ്. അംബിക എംഎൽഎയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു
1442029
Sunday, August 4, 2024 10:49 PM IST
ആറ്റിങ്ങൽ: ഒ.എസ്. അംബിക എംഎൽഎയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു. കോരാണി ചായ്ക്കോട്ട് വടക്കേവിളാകത്ത് വീട്ടിൽ വി. വിനീത് കോരാണി (34, ചന്തു)യാണ് മരിച്ചത്. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും, സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. തിരുവനന്തപുരം ശംഖുമുഖത്ത് സുഹൃത്ത് അക്ഷയ്ക്കൊപ്പം സ്കൂട്ടറിൽ വരുന്നതിനിടയിൽ പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തുവച്ച് എതിരെവന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തലയിടിച്ചു നിലത്തുവീണ വീനീത് തൽക്ഷണം മരിക്കുകയായിരുന്നു.
പിതാവ് വാരിജാക്ഷൻ സിപിഎം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗമാണ്. സഹോദരൻ വി. വിനീഷ് കോരാണി എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമാണ്. വിനീതിന്റെ സംസ്കാര ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, അടൂർ പ്രകാശ് എംപി, മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, എംഎൽഎമാരായ വി. ജോയി, വി. ശശി, യു. പ്രതിഭ, മുകേഷ്, ഐ.ബി. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.