കവികളുടെ മതം സൗന്ദര്യം: ഡോ. ജോർജ് ഓണക്കൂർ
1423460
Sunday, May 19, 2024 6:22 AM IST
തിരുവനന്തപുരം: കവികൾക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും ഒരു മതമേയുള്ളൂ, അത് സൗന്ദര്യത്തിന്റെ മതമാണെന്ന് പ്രശസ്ത നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ. പ്രപഞ്ചത്തെ ആരാധിക്കുന്ന മനസ്സാണ് ഈ മതമെന്നും ഡോ. ഓണക്കൂർ ചൂണ്ടിക്കാട്ടി.
വൈലോപ്പിള്ളി സംസ്കൃതി ഭവനും അഭിജിത്ത് ഫൗണ്ടേഷനും സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല കൂട്ടായ്മയായ വിജ്ഞാനവേനലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തന്പലത്തിലായിരുന്നു പരിപാടി. സാമൂഹ്യപ്രശ്നങ്ങളിൽ എഴുത്തുകാർ ഇടപെടണം എന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ മഹാകവി വൈലോപ്പിള്ളി പാടിയത്, ""മാനവപ്രശ്നങ്ങൾ തൻ മർമകോവിദന്മാര... ഞാനൊരു വെറും സൗന്ദര്യാത്മക കവിമാത്രം...' എന്നാണ്. - ഡോ. ഓണക്കൂർ ചൂണ്ടിക്കാട്ടി.
വർഷങ്ങൾക്കുമുന്പ് അഹമ്മദാബാദിൽ നടന്ന ഒരു സാഹിത്യ സമ്മേളനത്തിൽ തകഴിയും അക്കിത്തവും എൻ.പി. മുഹമ്മദും, ഞാനും അടക്കമുള്ള എഴുത്തുകാരുടെ സംഘം പങ്കെടുത്തിരുന്നു. അന്ന് സദസിലുണ്ടായിരുന്ന ഒരു വായനക്കാരന ് അറിയേണ്ടിയിരുന്നത് മുസ്ലിമും ക്രിസ്ത്യാനിയുമടങ്ങുന്ന മലയാളത്തിലെ എഴുത്തുകാരുടെ സംഘം ഒന്നിച്ചാണോ താമസിക്കുന്നത്, ഭക്ഷണം കഴിക്കുന്നത് എന്നായിരുന്നു.
തകഴിച്ചേട്ടൻ എന്നോട് ഈ ചോദ്യത്തിനുള്ള മറുപടി നൽകാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത്, എഴുത്തുകാരായ ഞങ്ങൾക്ക് ഒരു മതമേയുള്ളൂവെന്നാണ്. പ്രകൃതിയുടെ ഏറ്റവും സുന്ദരമായ പുഷ്പങ്ങളാണ് കുട്ടികൾ. നന്മനിറഞ്ഞ മനസും വാക്കും പ്രസാദാത്മകതയും സഹായമനോഭാവവുമാണ് കുട്ടികൾക്ക് ഉണ്ടാകേണ്ടതെന്നും ഡോ. ഓണക്കൂർ വ്യക്തമാക്കി.
വൈലോപ്പിള്ളി ഒറ്റയ്ക്കു താമസിച്ചിരുന്ന തൃശൂരിലെ ദേവസ്വം ബോർഡ് ക്വാർട്ടേഴ്സിൽ പലതവണ പോകാനും മഹാകവി സ്വന്തം കൈക്കൊണ്ട് തയാറാക്കിയ ചാല കുടിക്കുവാനുമുള്ള ഭാഗ്യം ലഭിച്ചകഥകളും കുട്ടികൾക്കായി അദ്ദേഹം പങ്കുവച്ചു.
ചടങ്ങിൽ സംസ്കൃതി ഭവൻ മെന്പർ സെക്രട്ടറി പി.എസ്. മനേക്ഷ് അധ്യക്ഷത വഹിച്ചു. അഭിജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുക്കാൽ കൃഷ്ണകുമാർ, ക്യാന്പ് കോ- ഓർഡിനേറ്റർ ബ്രഹ്മനായകം മഹാദേവൻ, ഭരണസമിതിയംഗം രാജേഷ് ചിറപ്പാട്, ആനി ജോൺസൺ എന്നിവർ പങ്കെടുത്തു.