ഭാര്യയെ കൊന്ന കേസ്: ഭർത്താവിന് ജീവപര്യന്തം
1339600
Sunday, October 1, 2023 4:57 AM IST
തിരുവനന്തപുരം: മുദാക്കൽ ചെന്പൂരിൽ കളിക്കൽ കുന്നിൻ വീട്ടിൽ നിഷയെ(35) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അഴൂർ മുട്ടപ്പാലം പുതുവൽ വിള വീട്ടിൽ സന്തോഷിന്(37) ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ തുക ഒടുക്കിയില്ലങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുക കൊല്ലപ്പെട്ട നിഷയുടെ മകൾ സനീഷക്ക് നൽകണമെന്നും പുറമെ ലീഗൽ സർവീസ് അഥോറിറ്റിയിൽ നിന്നു നഷ്ടപരിഹാരം നൽകണമെന്നും തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു.
2011 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചുവന്നു ഭാര്യ നിഷയെ ശാരീരിക ഉപദ്രവം ചെയ്തതിന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു പോ ലീസിന്റെ കണ്ടെത്തൽ.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, ദേവിക മധു, അഖിലാ ലാൽ എന്നിവർ ഹാജരായി. 14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 18 രേഖകളും, ഏഴ് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആറ്റിങ്ങൽ പോലീസ് മുൻ സർക്കിൾ ഇൻസ്പക്ടറും ഇപ്പോൾ ഡിസിആർബി ഡിവൈഎസ്പിയുമായ ബി. അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.