യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് ചീനിവിള -മാറനല്ലൂർ റോഡിൽ വെള്ളക്കെട്ട്
1301196
Thursday, June 8, 2023 11:55 PM IST
കാട്ടാക്കട : ചീനിവിള -മാറനല്ലൂർ റോഡിൽ വെള്ളക്കെട്ട് വൻ അപകട ഭീഷണി ഉയർത്തുന്നു. ചെറിയ മഴ പെയ്താൽ ഈ റോഡിൽ വെള്ളം നിറയും. പിന്നെ മണിക്കൂറുകൾ കഴിഞ്ഞാലേ അത് മാറുകയുള്ളൂ. മലയിൻകീഴ് നിന്നും മാറനല്ലൂർ, പോങ്ങൂംമൂട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേയ്ക്ക് പോകാനുള്ള പ്രധാന റോഡാണിത്. ഇവിടെയാണ് ക്രൈസ്റ്റ് സ്കൂളും കോളജുമുള്ളത്. ഈ സ്ഥാപനങ്ങൾക്ക് മുന്നിലാണ് വെള്ളക്കെട്ട്.
അടുത്തിടെയാണ് റോഡ് നവീകരിച്ചതെന്നും റോഡിൽ ഓടകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് നടന്നത്. സ്കൂൾ വിദ്യാർഥികളുടെ വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. ഒരു വർഷം മുന്പ് രണ്ടുപേർ അപകടത്തിൽ മരിച്ചെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. മഴക്കാലത്ത് റോഡ് കുളമായി മാറുമെന്ന അവസ്ഥയാണ്. റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നു കിടപ്പുണ്ട്. ഇത് നീക്കം ചെയ്യാനും ഉദ്യോഗസ്ഥർ തയാറായിട്ടില്ല. റോഡിലെ വെള്ളക്കെട്ട് മാറ്റാൻ ജനപ്രതിനിധികളോട് നാട്ടുകാരും വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും യാതൊരു ഫലവുമില്ല.